തളിപ്പറമ്പില്‍ ശ്രീനാരായണഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിക്കുന്നു

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ കലാക്ഷേത്രത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണഗുരു ദേവന്റെ പഞ്ചലോഹവിഗ്രഹം തൃച്ചംബരം ശ്രീനാരായണഗുരുമന്ദിരത്തില്‍ പ്രതിഷ്ഠിക്കുന്നു.

ചാലക്കുടി ബ്രഹ്മ ശില്പാലയത്തിലെ പൂജാദി കര്‍മ്മങ്ങള്‍ക്ക് ശേഷം ശില്‍പ്പി ബെന്നി ശാന്തിയില്‍ നിന്നും തളിപ്പറമ്പ്
ശ്രീ നാരായണ കലാക്ഷേത്രം ഭാരവാഹികളായ കെ.വി. വിലാസന്‍, പി.രാമകൃഷ്ണന്‍, രാജേഷ് പുത്തലത്ത് എന്നിവര്‍ പഞ്ചലോഹവിഗ്രഹം ഏറ്റുവാങ്ങി കണ്ണൂര്‍ തളാപ്പ്
ശ്രീസുന്ദരേശ്വര ക്ഷേത്ര സന്നിധിയില്‍ എത്തിച്ചിരിക്കുകയാണ്.

ഏപ്രില്‍ 30-ന് ബുധനാഴ്ച്ച വൈകുന്നേരം 3 മണിക്ക് തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി വിഗ്രഹ ഘോഷയാത്ര വഴിനീളെയുള്ള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തളിപ്പറമ്പ് നഗരപ്രദക്ഷിണം നടത്തി

ആറുമണിയോടുകൂടി തൃച്ചംബരം ശ്രീ നാരായണ ഗുരു മന്ദിരത്തില്‍ എത്തിച്ചേര്‍ന്ന് ഈ വിഗ്രഹം പണി കഴിപ്പിച്ച് സമര്‍പ്പിക്കുന്ന മൊട്ടമ്മല്‍ രാജന്‍ പൂജാദി കര്‍മ്മങ്ങള്‍ക്കായി പ്രതിഷ്ഠാചാര്യന്‍ ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ സത്യാനന്ദതീര്‍ത്ഥ സ്വാമികള്‍ക്ക് കൈമാറുന്നതാണ്.

തുടര്‍ന്ന് ശ്രീസുന്ദരേശ്വര ക്ഷേത്രത്തിലെ മേല്‍ ശാന്തി സുരേഷ് ശാന്തിയുടെ നേതൃത്വത്തില്‍ പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നതും മെയ് ഒന്നിന് പുലര്‍ച്ചെ 2.22 നും 3.15 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ തൃച്ചംബരം  ശ്രീനാരായണ ഗുരു മന്ദിരത്തില്‍ വിഗ്രഹം പ്രതിഷ്ഠിക്കുന്നതുമാണ്.

മെയ് ഒന്നിന് വൈകുന്നേരം 3 മണിക്ക് ഗുരുമന്ദിര പരിസരത്ത് നടക്കുന്ന സാംസ്‌കാരിക സമ്മേളനം അഡ്വ.എ കെ.ബാലഗോപാലന്റെ അധ്യക്ഷതയില്‍ അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ തളിപ്പറമ്പ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി, വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍, ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ സത്യാനന്ദതീര്‍ത്ഥ സ്വാമികള്‍, ബ്രഹ്മശ്രീ പ്രേമാനന്ദ സ്വാമികള്‍, പത്മശ്രീ നാരായണ പെരുവണ്ണാന്‍, മൊട്ടമ്മല്‍ രാജന്‍, കെ.പ്രഭാകരന്‍, ഡോ.ഹരിപ്രസാദ്, ചെറുവീട്ടില്‍ വാസന്തി, കെ.കെ.ധനേന്ദ്രന്‍, പി.ആര്‍. ഭരതന്‍, സി.വി.ഗിരീശന്‍, കെ.പി.ബാലകൃഷ്ണന്‍,  പി.പി.ജയകുമാര്‍, കെ.നിഷ. കെ.എസ. റിയാസ്, പി.രാമദാസ്, ടി.പി.ഖാലിദ്  പ്രസംഗിക്കും.

പി. പ്രദീപ്കുമാര്‍ സ്വാഗതവും പി. രാമകൃഷ്ണന്‍ നന്ദിയും പറയും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.