കെ.സുജിത് രചിച്ച ജലസ്മാരകം പ്രകാശനം മെയ് 26ന്

പയ്യന്നൂര്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകനും യുവ നോവലിസ്റ്റുമായ കെ.സുജിത്(സുജിത് ഭാസ്‌ക്കര്‍) രചിച്ച നോവല്‍ ജലസ്മാരകം മെയ്-26 ന് ഞായറാഴ്ച്ച പ്രകാശനം ചെയ്യും.

പയ്യന്നൂര്‍ ശ്രീവല്‍സം ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് പ്രശസ്ത നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്‍ കരിവെള്ളൂര്‍ രാജന്
നല്‍കി പുസ്തകം പ്രകാശനം ചെയ്യും.

ടി.ഐ.മധുസൂതനന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

കരിവെള്ളൂര്‍ സ്വദേശിയും കേരള കൗമുദി ദിനപത്രത്തിന്റെ കണ്ണൂര്‍ ബ്യൂറോ ചീഫുമായ സുജിത്തിന്റെ ആദ്യത്തെ നോവലാണ് ജലസ്മാരകം.

ഒരു ദേശം കഥാപാത്രമാകുന്ന നോവലാണ് ജലസ്മാരകം. ജീവിതത്തിനും മരണത്തിനുമിടയില്‍ മനസ്സ് പായുന്ന സഞ്ചാര പഥങ്ങളിലൂടെയൊക്കെ ആ ദേശത്തെ മനുഷ്യര്‍ ലക്ഷ്യമില്ലാതെ നടക്കുന്നു. അപ്പോള്‍ അവര്‍ ജീവിതത്തെ പലതായി അനുഭവിക്കുന്നു. ചരിത്രവും മിത്തും വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളും അവരുടെ ലോകം ഭ്രമാത്മകമാക്കുന്നു. ചിലര്‍ ഇടറിയ മനസ്സുമായി ഒരു ചുവടുപോലും വെക്കാന്‍ സാധിക്കാതെ നിസ്സഹായരാകുന്നു. ചിലര്‍ ഒഴുക്കിനെതിരേ നീന്താന്‍ ശ്രമിച്ച് ഒഴുക്കിന്റെ ഭാഗമാകുന്നു. വായനയുടെ രസക്കണ്ണികള്‍ പൊട്ടിക്കാതെ നാട്ടുമൊഴികളും നാട്ടുകഥകളും നോവലില്‍ നിറയുന്നു. അതിനൊപ്പം ജീവിതത്തിന്റെ ഒരു പൊള്ളല്‍ വായനക്കാരന് അനുഭവപ്പെടും. മരിക്കാന്‍ പോകുന്ന മനുഷ്യര്‍ അണിയുന്ന നിഗൂഡതകള്‍ വായനക്കാരെയും ആവരണം ചെയ്യും. മനോരമ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.