കായിക മേളയില്‍ പയ്യന്നൂരിന്റെ കുതിപ്പ്-ജി.എച്ച്. എസ്. എസ്.പ്രാപ്പൊയില്‍ മികച്ച സ്‌ക്കൂള്‍

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ സ്‌ക്കൂള്‍ കായികമേളയില്‍ പയ്യന്നൂര്‍ ഉപജില്ലയുടെ സര്‍വാധിപത്യം.

240 പോയന്റ് നേടിയാണ് മറ്റ് ഉപജില്ലകളെ ബഹുദൂരം പിന്‍തള്ളിയത്.

ഇതേ ഉപജില്ലയിലെ പ്രാപ്പൊയില്‍ ജി.എച്ച്.എസ്.എസ്. 63 പോയന്റുകളാടെ ജില്ലയിലെ മികച്ച സ്‌ക്കൂളായി മുന്നേറിയതും പയ്യന്നൂര്‍ ഉപജില്ലക്ക് ഇരട്ടി മധുരമായി.

115 പോയന്റുകളോടെ ഇരിട്ടി രണ്ടാം സ്ഥാനവും 114 പോയന്റുകളോടെ തളിപ്പറമ്പ് നോര്‍ത്ത് ഇഞ്ചോടിഞ്ച് പോരട്ടത്തിലൂടെ മൂന്നാം സ്ഥാനത്തുമെത്തി.

2019 ല്‍ പയ്യന്നൂര്‍ ചാമ്പ്യന്‍പട്ടം നേടിയപ്പോള്‍ തളിപ്പറമ്പ് നോര്‍ത്ത് രണ്ടാം സ്ഥാനത്തും ഇരിട്ടി മൂന്നാം സ്ഥാനത്തും ആയിരുന്നു.

ജി.എച്ച്.എസ്.എസ്. മാത്തില്‍ 51 പോയന്റുകളോടെ മികച്ച രണ്ടാമത്തെ സ്‌ക്കൂളായും 42 പോയന്റുമായി മണിക്കടവ് സെന്റ് തോമസ് മൂന്നാം സ്ഥാനവും നേടി.

2019 ല്‍ മികച്ച സ്‌ക്കൂളായ വാരം സി.എച്ച്.എം.ഹൈസ്‌ക്കൂളിന് ഇത്തവണ പോയിന്റ് പട്ടികയില്‍ പോലും ഇടം നേടിയില്ല.

പ്രാപ്പൊയില്‍ സ്‌ക്കൂള്‍ കഴിഞ്ഞ മേളയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു.

സമാപന സമ്മേളനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിര്‍ ഉദ്ഘാടനം ചെയ്തു.

കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.