കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി നവീകരണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: എം വിജിന്‍ എം എല്‍ എ

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന കിഫ്ബി, പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനം എം.വിജിന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

ഇപ്പോള്‍ നടന്നുവരുന്ന ആശുപത്രി നവീകരണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു.

കെട്ടിടത്തിന്റെ പുറത്തേയും അകത്തുമുള്ള പെയിന്റിംഗ്, വാര്‍ഡ് നവീകരണം, ശുചീകരണ മുറി നവീകരണം, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍, അഗ്‌നിശമന സുരക്ഷാ സംവിധാനങ്ങളുടെ നവീകരണം, മെഡിക്കല്‍ കോളേജ് കോംമ്പൗണ്ടിലെ റോഡുകളുടെ നവീകരണം, നിരീക്ഷണ ക്യാമറ സ്ഥാപിക്കല്‍,

ശീതീകരണ സംവിധാനം നവീകരിക്കല്‍, നിലവിലുള്ള 6 ലിഫ്റ്റുകളുടെ നവീകരണവും പുതുതായി നാല് ലിഫ്റ്റുകള്‍ സ്ഥാപിക്കലും, നിലവിലുള്ളതിന് പുറമേ 500 കെ.വിയുടെ പുതിയ രണ്ട് ജനറേറ്ററുകള്‍ സ്ഥാപിക്കല്‍, ആശുപത്രി കെട്ടിടത്തിന്റെ റൂഫിംഗ് നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് നടന്നുവരുന്നത്.

ഇതിനായി
സംസ്ഥാന സര്‍ക്കാര്‍ 35.52 കോടി രൂപയാണ് അനുവദിച്ചത്. ഏഴാം നിലയില്‍ പ്രവൃത്തിക്കായി വിട്ടു നല്‍കിയ വാര്‍ഡുകളുടെ നവീകരണഅറ്റകുറ്റപ്പണികള്‍ ഒരുമാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ എം.എല്‍.എ, കിഫ്ബിപൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

88.4 കോടി ചെലവില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിക്കുന്ന അത്യാധുനിക അത്യാഹിത വിഭാഗത്തിന്റെ ആദ്യഘട്ട പ്രവൃത്തി ആരംഭിക്കുന്നതിനായുള്ള സാങ്കേതിക അംഗീകാരം കിഫ്ബിയില്‍ നിന്നും എത്രയും വേഗം ലഭിക്കുന്നതിനായി ഇടപെടല്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു.

എം.എല്‍.എയ്ക്ക് പുറമേ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.വിമല്‍ റോഹന്‍, ആര്‍.എം.ഒ ഡോ. എസ്.എം.സരിന്‍, പൊതുമാരാമത്ത് വിഭാഗത്തിലെ സീനിയര്‍ ഉദ്യോഗസ്ഥരായ സി.സവിത, കെ.വിനോദ് കുമാര്‍, എം.പ്രസാദ്,

മെഡിക്കല്‍ കോളേജ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി കെ.വിനോദ്, വാപ്‌കോസ് പ്രതിനിധികളായ കെ.രഘുനാഥന്‍, അന്‍കേഷ് ബക്ഷി, കെ.എച്ച്.ഷാജി, കെ.അബ്ദുള്‍ റസാഖ്, കരാര്‍ ചുമതല ഏറ്റെടുത്ത എച്ച്.എസ്.ഒ.ബി സീനിയര്‍ വൈസ് പ്രസിഡന്റ് അപരേഷ് ബാനര്‍ജി, പ്രൊജക്ട് മാനേജര്‍ ആര്‍.രാജേഷ്, മെഡിക്കല്‍ കോളേജിലെ മറ്റ് ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

യോഗത്തിന് ശേഷം പ്രവൃത്തി നടക്കുന്ന ആശുപത്രി വാര്‍ഡുകള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. വാര്‍ഡുകള്‍ നവീകരണ പ്രവൃത്തിക്കായി വിട്ടുനല്‍കിയതിനാല്‍, നിലവില്‍ ആശുപത്രിയിലെ വാര്‍ഡുകളിലെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന പൊതുജനങ്ങള്‍ ഈ പരിമിതി മനസിലാക്കി സഹകരിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചു.