പ്രാദേശികലേഖകരാണ് ഏതൊരു പത്രത്തിന്റെയും ശക്തി: എം.വി.നികേഷ്‌കുമാര്‍.
കണ്ണൂര്‍: ഏതൊരു പത്രത്തിന്റെയും ശക്തി പ്രാദേശിക പത്രപ്രവര്‍ത്തകരാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം.വി.നികേഷ്‌കുമാര്‍.
കേരളകൗമുദി പത്രാധിപര്‍ കെ.സുകുമാരന്റെ 43-ാം ചരമവാര്‍ഷിക ദിനാചരണവും മികച്ച പ്രാദേശിക ലേഖകനുള്ള കെ.സുകുമാരന്‍ സ്മാരക അവാര്‍ഡ് വിതരണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കൗമുദി കണ്ണൂര്‍ യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.
ന്യൂസ് എഡിറ്റര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത ഊര്‍ജ്ജമാണ് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കുള്ളത്.
സത്യസന്ധമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നവരാണ് ബഹുഭൂരിപക്ഷം പ്രാദേശികലേഖകരെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത ആശയങ്ങള്‍ നിലനില്‍ക്കരുത് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റുകള്‍ മാധ്യമമേഖലയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്നും മുതലാളിമാര്‍ മാത്രം കൈകാര്യം ചെയ്യുന്ന ഒരു മേഖലയായി മാധ്യമപ്രവര്‍ത്തനം മാറിക്കൊണ്ടിരിക്കയാണെന്നും കേരള കൗമുദിയുടെ കൗമുദി ടിവി പോലുള്ളവ ഇതിനെതിരെ പിടിച്ചുനില്‍ക്കുന്നത് അല്‍ഭുതപ്പെടുത്തുന്നുണ്ടെന്നും നികേഷ്‌കുമാര്‍ പറഞ്ഞു.
കെ.സുകുമാരന്‍ അവാര്‍ഡ് നേടിയ കേരളകൗമുദി നീലേശ്വരം ലേഖകന്‍ പി.കെ.ബാലകൃഷ്ണന് അവാര്‍ഡ് സമ്മാനിച്ചു.
കേരളകൗമുദി യൂണിറ്റ് ചീഫ് ഒ.സി.മോഹന്‍രാജ് അധ്യക്ഷത വഹിച്ചു.
ഡെസ്‌ക്ക്ചീഫ് ശ്രീധരന്‍ പുതുക്കുന്ന് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.
എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടെറി അരയാക്കണ്ടി സന്തോഷ് അനുസ്മരണ പ്രഭാഷണം നടത്തി.
ഉദിനൂര്‍ സുകുമാരന്‍, ചാലക്കര പുരുഷു എന്നിവര്‍ പ്രസംഗിച്ചു. പി.കെ.ബാലകൃഷ്ണന്‍ മറുപടിപ്രസംഗം നടത്തി.
സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ സ്വാഗതവും കേരളകൗമുദി കണ്ണൂര്‍ ബ്യൂറോചീഫ് കെ.സുജിത്ത് നന്ദിയും പറഞ്ഞു.