മന്ത്രിസ്ഥാനമൊഴിഞ്ഞതോടെ ഗോവിന്ദന്‍മാസ്റ്ററുടെ സ്വപ്‌നപദ്ധതി പാതിവഴിയിലായി.
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: മന്ത്രിസ്ഥാനമൊഴിഞ്ഞതോടെ എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ സ്വപ്‌നപദ്ധതിക്ക് മങ്ങലേല്‍ക്കുന്നു, അന്താരാഷ്ട്ര പഠന കോളേജില്‍ ഈ വര്‍ഷം കോഴ്‌സ് ഇല്ല.
കരിമ്പത്തെ കില കോളേജ് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ഈ വര്‍ഷം കോഴ്‌സുകള്‍ തുടങ്ങില്ല. ഇക്കഴിഞ്ഞ ജൂണ്‍ 13 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കരിമ്പം കില കാമ്പസിലെ അന്താരാഷ്ട്ര നേതൃപഠനകേന്ദ്രവും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക്ക് പോളസി ആന്റ് ലീഡര്‍ഷിപ്പ് കോളേജും ഉദ്ഘാടനം ചെയ്തത്.
ഈ വര്‍ഷം തന്നെ കോളേജില്‍ മൂന്ന് പി.ജി കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും പാതിവഴിയിലായിരിക്കയാണ്.
കോഴ്‌സുകള്‍ അടുത്ത വര്‍ഷം മാത്രമേ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്.
കില കാമ്പസിലെ നിര്‍മ്മാണ പ്രവൃത്തികളും ഇപ്പോള്‍ മന്ദഗതിയിലാണ്. എം.എ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ഡവലപ്‌മെന്റ്,
എം.എ പബ്ലിക് പോളിസി ആന്റ് ഡവലപ്‌മെന്റ്, എം.എ ഡിസെന്‍ട്രലൈസേഷന്‍ ആന്റ് ഗവേണ്‍സ് എന്നീ കോഴ്‌സുകളാണ് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്.
15 വീതം സീറ്റുകളാണ് ഈ കോഴ്‌സുകള്‍ക്ക് ഉണ്ടാവുക. കണ്ണൂര്‍ സര്‍വകലാസാലയില്‍ അഫിലിയേഷന്‍ ലഭിച്ച കോഴ്‌സ് ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമാണ്.
ഭരണനിര്‍വ്വഹണത്തില്‍ മികച്ച പങ്ക് വഹിക്കാന്‍ കഴിവുള്ള ബിരുദാനന്തര ബിരുദധാരികളെ വാര്‍ത്തെടുക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
2021 ലെ തെരഞ്ഞെടുപ്പില്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ തന്റെ പ്രകടനപത്രികയില്‍ ഒന്നാംസ്ഥാനം നല്‍കിയ പദ്ധതിയാണ് 75 വര്‍ഷം പഴക്കമുള്ള കില എന്ന പരിശീലനകേന്ദ്രത്തെ അന്താരാഷ്ട്ര പഠനകേന്ദ്രമായി ഉയര്‍ത്തുമെന്നുള്ളത്.
തദ്ദേശസ്വയംഭരണ വകുപ്പ് തന്നെ ലഭിച്ചതോടെ ഇതിനുവേണ്ടി അദ്ദേഹം മന്ത്രിയായ അന്നുമുതല്‍ തന്നെ അക്ഷീണ പരിശ്രമവും ആരംഭിച്ചിരുന്നു.
യുദ്ധകാലാടിസ്ഥാനത്തിലാണ് പദ്ധതികള്‍ക്ക് ജീവന്‍വെച്ചത്. എന്നാല്‍ മന്ത്രിസ്ഥാനമൊഴിഞ്ഞത് കിലയുടെയും തളിപ്പറമ്പിന്റെയും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കയാണ്.
എം.എല്‍.എ എന്ന നിലയിലും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടെറി എന്ന നിലയിലും ഗോവിന്ദന്‍ മാസ്റ്റര്‍ ഇടപെടല്‍ ശക്തമാക്കണെമന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.