വാഹനത്തില്‍ അഴുക്കുപുരണ്ടാല്‍ കാല്‍പൊന്തുന്നവന് ഭക്ഷണത്തില്‍ വിഷാംശം കലരുന്നതിനെതിരെ വിരലുയര്‍ത്താനാവുന്നില്ല: കൃഷിമന്ത്രി പി പ്രസാദ്
തളിപ്പറമ്പ്: വാഹനത്തില്‍ അഴുക്കുപുരണ്ടാല്‍ കാല്‍പൊന്തുന്നവന് ഭക്ഷണത്തിലെ വിഷാംശം കലരുന്നതിനെതിരെ വിരലുയര്‍ത്താനാവുന്നില്ലെന്ന് കാര്‍ഷിക കര്‍ഷക ക്ഷേമ മന്ത്രി പി പ്രസാദ് .
പറശ്ശിനിക്കടവ് കെ വി മൂസാന്‍കുട്ടി മാസ്റ്റര്‍ നഗറില്‍ ആരംഭിച്ച അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
20 ശതമാനം മലയാളികളുടെ കാന്‍സറിനുള്ള കാരണം പുകവലിയാണെങ്കില്‍ 30-40 ശതമാനം ഭക്ഷണവും ജീവിതശൈലിയുമാണ് എന്നാണ് ആര്‍ സി സി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വസ്ത്രത്തിന്റെയും വാഹനത്തിന്റെയും വീടിന്റെയും കാര്യത്തിലെല്ലാം താത്പര്യം കാട്ടുന്ന മലയാളി അല്പം പോലും ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ല.
വാഹനത്തിന് മേല്‍ അഴുക്കുപുരണ്ടാല്‍ കാല്‍ പൊങ്ങുന്നവന് ഭക്ഷണത്തിനകത്ത് വിഷമോ മായമോ ഉണ്ടെന്ന് മനസ്സിലാക്കിയാല്‍ വിരല്‍ പോലും ഉയര്‍ത്താത്തയിടാത്താണ് നമ്മളെത്തിനില്‍ക്കുന്നത്.
എല്ലാവരും കൃഷി ചെയ്യുകയെന്നല്ല സര്‍ക്കാര്‍ പറയുന്നത്. സാധ്യമാകുന്നയിടത്ത് ഒറ്റക്കാവുന്നില്ലെങ്കിലും കൂട്ടായെങ്കിലും കൃഷി നടത്തുകയെന്നതാണ് പറയുന്നത്.
അതിനാണ് ഞങ്ങളും കൃഷിയിലേക്ക് തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇത്തരം പദ്ധതികള്‍ സര്‍ക്കാര്‍ വെറുമൊരു പരിപാടിയെന്ന രീതിയില്‍ നടപ്പാക്കുന്നതല്ല.
ഭക്ഷ്യവസ്തുക്കളില്‍ മായവും വിഷവും കലര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത് കൊണ്ടാണ് അതിന് പരിഹാരമെന്ന രീതിയിലാണ് ഇത്തരം പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്.
പച്ചക്കറികളുടെ ഉല്പാദനത്തില്‍ കേരളത്തിന് സ്വയം പര്യാപ്തതയിലെത്തിക്കാന്‍ സാധിക്കും. കൂട്ടായി പരിശ്രമിച്ചാല്‍ ഇത് നടപ്പാകും. നട്ടുനനച്ചു എന്ന് മാത്രമല്ല സംഭരണവും സംസ്‌കരണവും നടത്തണം.
പല സ്ഥലത്തും കൃഷി കൂട്ടായ്മകള്‍ ഇത്തരം പ്രവൃത്തികള്‍ നടത്തി തുടങ്ങി. ഇത്തരത്തില്‍ കാര്‍ഷികമേഖലയില്‍ നല്ലൊരു ഇടപെടല്‍ അത്യന്താപേക്ഷികമാണ്. പരമ്പരാഗതമായി കൃഷി ചെയ്യുന്നവരെ എങ്ങനെ സഹായിക്കുകയെന്നതാണ് മറ്റൊരു പ്രശ്‌നം.
അവരുടെ ഉല്പന്നങ്ങള്‍ക്ക് മാന്യമായ വില എങ്ങനെ ലഭ്യമാക്കുകയെന്നതാണ് ആലോചന. ആ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നത് കൃഷിക്കാരുടെ ഉല്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്പന്നമാക്കുകയെന്നതാണ്.
അതിന് പരിഹാരമായാണ് മുഖ്യമന്ത്രി ചെയര്‍മാനായി കൊണ്ട് പൂര്‍ണമായും കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള വാല്യു ആഡഡ് അഗ്രികള്‍ച്ചറല്‍ മിഷന്‍ എന്നത് രൂപീകരിക്കപ്പെട്ടത്.
കര്‍ഷകരുടെ ഉല്പന്നങ്ങളുടെ വിപണനത്തിന് ഒരു കമ്പനി അത്യന്താപേക്ഷികമാണെന്ന ആലോചനയുടെ പുറത്താണ് സിയാല്‍ മോഡലില്‍ കര്‍ഷകന് കൂടി പങ്കുള്ള കാപ്‌കോ എന്ന കമ്പനി രൂപീകരിക്കാന്‍ തീരുമാനമായത്.
ജനുവരി മാസത്തില്‍ കാപ്‌കോ യാഥാര്‍ത്ഥ്യമാകും. പൂര്‍ണമായും കൃഷിവകുപ്പിന്റെ കീഴില്‍ വരുന്ന ഈ കമ്പനി വരുന്നതോടെ കര്‍ഷകന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നത്തിന് പരിഹാരമാകും.
വിളകളെ ആശ്രയിച്ചുമുള്ള കൃഷി രീതി മാറണം. ഓരോ ജില്ലയിലെയും ഭൂപ്രകൃതിയും കാലാവസ്ഥയും വേറെയാണ്.
വിളയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കൃഷിരീതിയിലേക്ക് കേരളം മാറേണ്ടിയിരിക്കുന്നു.
അങ്ങനെയുള്ള ചുവടുവെപ്പാണ് നമ്മള്‍ നടപ്പാക്കാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.പി.സന്തോഷ് കുമാര്‍ എം.പി പ്രഭാഷണം നടത്തി. കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലന്‍ നായര്‍,
ജനറല്‍ സെക്രട്ടറി വി.ചാമുണ്ണി , സെക്രട്ടറി എ.പ്രദീപന്‍ ഉള്‍പ്പെടെയുള്ള ദേശീയ-സംസ്ഥാന നേതാക്കള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. സി.പി.ഐ നേതാക്കളായ സി. എന്‍.ചന്ദ്രന്‍, സി.പി.മുരളി, സി.പി.സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് നാളെ സമാപിക്കും.
2022-നവംബര്‍-5.