എടാ-പോടാ സമിതിയായി മാറി തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം.
തളിപ്പറമ്പ്: താലൂക്ക് വികസനസമിതി യോഗത്തില്‍ എടാപോടാ വിളിയും സംഘര്‍ഷവും.
ഇന്ന് രാവിലെ നടന്ന യോഗത്തിലാണ് പരാതിക്കാരനായ ചുള്ളിയോടന്‍ പൊട്ടിച്ചി അബൂബക്കര്‍ സിദ്ദിക്കും(മക്കി സിദ്ദിക്ക്) തളിപ്പറമ്പ് നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാനുമായ പി.പി.മുഹമ്മദ്‌നിസാറും തമ്മില്‍ എടാപോടാ വിളിയും സംഘര്‍ഷവും നടന്നത്.
കാക്കാത്തോട് ബസ്റ്റാന്റിന്റെ പടിഞ്ഞാറുഭാഗത്തെചില സ്ഥാപനങ്ങള്‍ നഗരസഭയില്‍ നിന്ന് ലൈസന്‍സ് എടുക്കാതെ പ്രവര്‍ത്തിക്കുന്നതായും ഇവര്‍ നഗരസഭാ സ്ഥലം കയ്യേറി റോഡ് നിര്‍മ്മിക്കുന്നതായുമാണ് സിദ്ദിക്ക് പരാതിയായി ഉന്നയിച്ചത്.
ഈ ഭാഗം മതില്‍കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം നഗരസഭ നിരാകരിക്കുകയാണെന്നും സിദ്ദിക്ക് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് പൊതുമരാമത്ത് വക റോഡിലെ പ്രശ്‌നത്തിന്റെ പേരില്‍ നടന്ന ചര്‍ച്ചകള്‍ക്കിടയിലാണ് നിസാറും സിദ്ദിക്കും തമ്മില്‍ ഇടഞ്ഞത്.
ചര്‍ച്ചക്കിടയില്‍ പരാതിക്കാരനായ സിദ്ദിക്കിനെ മുഹമ്മദ്‌നിസാര്‍ എടാ എന്ന് വിളിച്ചതാണ് വാക്കേറ്റത്തിനും സംഘര്‍ഷത്തിനും
കാരണമായത്.
സിദ്ദിക്ക് തിരിച്ചും പോടാ എന്ന് വിളിച്ചതോടെ പ്രശ്‌നം രൂക്ഷമായി.
നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഇടപെട്ടതോടെയാണ് ഇരുഭാഗവും അയഞ്ഞത്.
സംഭവത്തില്‍ വികസന സമിതി യോഗത്തില്‍ പങ്കെടുത്തവര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
താലൂക്ക് വികസനസമിതി യോഗത്തിന്റെ പൂര്‍ണ നടത്തിപ്പ് ചുമതല താലൂക്ക് തഹസില്‍ദാര്‍ക്കാണെന്നിരിക്കെ അദ്ദേഹത്തെ നോക്കുകുത്തിയാക്കി ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ളവര്‍ വികസനസമിതി ഹൈജാക്ക് ചെയ്യുന്നതായ പരാതി വ്യാപകമാണ്.
അധ്യക്ഷവേദിയില്‍ ഇരുന്ന ഒരാള്‍ പരാതിക്കാരനോട് മോശമായി പെരുമാറിയത് ഗൗരവമുള്ള വിഷയമാണെന്നും അധ്യക്ഷവേദിയില്‍ ആരെയൊക്കെ ഇരുത്തണമെന്ന കാര്യത്തില്‍ തഹസില്‍ദാര്‍ വ്യക്തമായ നയം സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.