ആ കാലം വീണ്ടും തിരിച്ചുവരുന്നു. കേരളത്തില്‍ കവുങ്ങ് കൃഷി വീണ്ടും സജീവമാവുന്നു. ഉയര്‍ന്ന വിലയും ആവശ്യകതയുമാണ് കര്‍ഷകരെ വീണ്ടും കവുങ്ങ് കൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്.
വലിയ തോതിലുള്ള ആവശ്യം പരിഗണിച്ച് കണ്ണൂര്‍ ജില്ല കൃഷിഫാമില്‍ ഇത്തവണ 40,000 കവുങ്ങ് തൈകളാണ് ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്.
അത്യുല്‍പ്പാദന ശേഷിയുള്ള നാടന്‍ ഇനമായ കാസര്‍കോടനും പശ്ചിമബംഗാളിലെ മൊഹിത്നഗറില്‍ വികസിപ്പിച്ചെടുത്ത മൊഹിത്നഗര്‍ ഇനവുമാണ് 20,000 തൈകള്‍ വീതം ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്.
അടയ്ക്കയ്ക്ക് വിപണിയില്‍ ലഭിക്കുന്ന നല്ല വില കവുങ്ങ് കൃഷിയെ വീണ്ടും ലാഭകരമായ ഒരു വാണിജ്യ വിളയാക്കി മാറ്റിയതാണ് കുവുങ്ങ്കൃഷിയിലേക്ക് കര്‍ഷകര്‍ വീണ്ടും തിരിച്ചുവരുന്നതിന് കാരണമെന്ന് കുറുമാത്തൂര്‍ അസി.കൃഷി ഓഫീസര്‍ രാഗേഷ് കുറുമാത്തൂര്‍ പറയുന്നു.
കൂടുതലും റബ്ബര്‍ തോട്ടങ്ങള്‍ റീപ്ലാന്റ് ചെയ്യാന്‍ മുറിച്ചുമാറ്റിയ സ്ഥലങ്ങളില്‍ ഏകദേശം അഞ്ച് ഹെക്ടറോളം സ്ഥലങ്ങളില്‍ കവുങ്ങ്കൃഷി ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
സ്ഥിരമായി മികച്ച വില ലഭിക്കുന്നതാണ് കര്‍ഷകരെ വീണ്ടും കവുങ്ങ്കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
ഒരുകാലത്ത് കവുങ്ങ്കൃഷിയില്‍ മുന്‍പന്തിയിലായിരുന്ന വടക്കന്‍ കേരളത്തില്‍ ഇടക്കാലത്ത് തകര്‍ന്നടിഞ്ഞ കവുങ്ങ് വീണ്ടും തിരിച്ചുവരുന്നത് കാര്‍ഷികമേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ഈ രംഗത്തെ കര്‍ണാടകയുടെ ആധിപത്യം തകര്‍ക്കുന്ന വിധത്തിലാണ് കവുങ്ങ്കൃഷിത്തോട്ടങ്ങള്‍ വ്യാപകമാകുന്നതെന്നാണ് കൃഷിവകുപ്പ് അവകാശപ്പെടുന്നത്.
കവുങ്ങ് തോട്ടങ്ങളില്‍ ഒട്ടുജാതി, വാഴ, തീറ്റപ്പുല്ല്, ഔഷധസസ്യങ്ങള്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ ഇടവിളകളായി കൃഷി ചെയ്ത് വരുമാനം വര്‍ദ്ധിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
കാസര്‍കോടന്‍ പോലെയുള്ള ഇനങ്ങള്‍ അധികം നനയില്ലാതെ തന്നെ വളരുന്നവയും രോഗപ്രതിരോധശേഷിയുള്ളവയുമാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ വിളവുതരുന്നവയാണ് ഇവ.
30 രൂപയാണ് ജില്ല കൃഷിഫാം അധികൃതര്‍ ഒരു തൈക്ക് ഈടാക്കുന്നത്. തൈകളുടെ വിതരണം അടുത്ത മാസം ആരംഭിക്കുമെന്ന് കരിമ്പം ജില്ല കൃഷിഫാം സൂപ്രണ്ട് കെ.രസ്ന പറഞ്ഞു.