ചായവില തോന്നുംപോലെ പറ്റില്ല കൗണ്‍സില്‍ യോഗത്തില്‍ പി.സി.നസീര്‍

തളിപ്പറമ്പ്: ചായയുടെ വിലക്കയറ്റം തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി.

പാചകവാതകത്തിന് ക്ഷാമം നേരിടുന്നതിന്റെ പേരില്‍ ചായക്ക് ഹോട്ടലുകളില്‍ പലവിധത്തില്‍ വില ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സി.നസീറാണ് പ്രശ്‌നം കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിച്ചത്.

12 രൂപ മുതല്‍ 20 രൂപവരെ വിവിധ ഹോട്ടലുകളില്‍ ചായക്ക് വില ഈടാക്കുന്നതായി അദ്ദേഹം പരാതിപ്പെട്ടു.

ഇതില്‍ ഏകീകരണം വേണമെന്നും ഇക്കാര്യത്തില്‍ നഗരസഭ ഇടപെടണമെന്നും പി.സി.നസീര്‍ ആവശ്യപ്പെട്ടു.

പ്രശ്‌നം ലീഗല്‍ മെട്രോളജി വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഇത് കൂടാതെ നഗരസഭ ചെയര്‍പേഴ്‌സന്‍ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്താനും തീരുമാനമായി.

ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ നാല്‍പ്പത് അജണ്ടകളാണ് കൗണ്‍സില്‍ മുമ്പാകെ പരിഗണനക്ക് വന്നത്.

ഇതില്‍ രണ്ട് അജണ്ടകള്‍ മാറ്റിവെച്ച് ബാക്കിയുള്ളവ കൗണ്‍സില്‍ അംഗീകരിച്ചു.