കേരളാ അഡ്വഞ്ചര്‍ ട്രോഫി സീസണ്‍ 7 ന് നാളെ (ഏപ്രില്‍ 25-ശനി) തുടക്കമാകും

 

മാതമംഗലം: കേരളാ മോട്ടോര്‍ സ്‌പോര്‍ട്‌സ് വെല്‍ഫെയര്‍ സൊസൈറ്റി, രാജസ്ഥാന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളാ അഡ്വഞ്ചര്‍ ട്രോഫി സീസണ്‍ 7 ന് നാളെ (ശനി)തുടക്കമാകും.

 കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഏഴുംവയലിലാണ് കേരളാ അഡ്വഞ്ചര്‍ ട്രോഫി സീസണ്‍ 7 നടക്കുന്നത്.

എം.വിജിന്‍ എം എല്‍ എ യുടെ ഇടപെടലിലാണ് കേരളാ അഡ്വഞ്ചര്‍ ട്രോഫി സീസണ്‍ 7 ഇവിടെ നടക്കുന്നത്.

ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്‌സിന്റെ നെടുംതൂണായ ഹരിസിംഗിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തിക്കൊണ്ട് മത്സരങ്ങള്‍ നടക്കുന്ന പ്രദേശത്തിന്’ഹരി സിംഗ് നഗര്‍ എന്ന പേര് നല്‍കിയിട്ടുണ്ട്.

കേരളത്തിലെ മോട്ടോര്‍ സ്‌പോര്‍ട്സ് പ്രേമികളെയും റൈഡേഴ്സിനെയും ഒരുമിച്ച് കൊണ്ട് വരുന്ന ഏക രജിസ്‌ട്രേഡ് സംഘടനയായ കേരളാ മോട്ടോര്‍ സ്‌പോര്‍ട്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ലക്ഷ്യം ഓഫ്-റോഡ് സ്‌പോര്‍ട്‌സിനെയും അഡ്വഞ്ചര്‍ ആക്റ്റിവിറ്റികളെയും പ്രോത്സാഹിപ്പിക്കുകയും, സുരക്ഷിതമായും ഉത്തരവാദിത്വത്തോടെ മോട്ടോര്‍സ്‌പോര്‍ട്സ് വികസിപ്പിക്കുകയും ചെയ്യുക എന്നതാണ്.

ദേശീയ തലത്തില്‍ 2500 ഇല്‍ അധികം മോട്ടോര്‍സ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ഇവന്റുകള്‍ വിജയകരമായി സംഘടിപ്പിച്ച ഇവര്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡുകളും സുരക്ഷയും മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ ഓഫ്-റോഡേഴ്സിനെയും റാലി ഡ്രൈവര്‍സിനെയും ഒരുമിപ്പിക്കുന്നതില്‍ രാജസ്ഥാന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് പ്രധാന പങ്ക് വഹിക്കുന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ഡ്രൈവര്‍സും അന്താരാഷ്ട്ര നിലവാരമുള്ള ഓഫ്-റോഡേഴ്സും പങ്കെടുക്കുന്ന ഈ ഇവന്റ്, അഡ്വഞ്ചറും സ്‌പോര്‍ട്സും ഒരുമിക്കുന്ന കേരളത്തിലെ വലിയ വേദിയാകും.

ഒമ്പത് കാറ്റഗറികളായി 150 പേരാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുളളത്. വനിതാ കാറ്റഗറിയും ഉണ്ട്.

വിജയികള്‍ക്ക് രാജ്യത്തെ തന്നെ ഉയര്‍ന്ന സമ്മാനത്തുകയായ 12 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ലഭിക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രാക്ക് ഡിസൈന്‍ ഒരുങ്ങിക്കഴിഞ്ഞു.

മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കിയിട്ടുണ്ട്.

പരിപാടിയില്‍ വീക്ഷിക്കാന്‍ എത്തിയവര്‍ക്ക് എല്ലാ സുരക്ഷാ മുന്‍കരുതലും ഏര്‍പ്പാടാക്കിയിട്ടുണ്ട്.ആംബുലന്‍സ് മെഡിക്കല്‍ ടീം അടക്കമുള്ള മെഡിക്കല്‍ എമര്‍ജന്‍സി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മോട്ടോര്‍സ്‌പോര്‍ട്സിന്റെ ആവേശവും അഡ്വഞ്ചറിന്റെ ആവാഹവും ഒരുമിക്കുന്ന ഈ വേദി, കേരളത്തിലെ സ്‌പോര്‍ട്‌സ് ടൂറിസത്തിന് വലിയൊരു മുന്നേറ്റമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എം.വിജിന്‍ എംഎല്‍എ പറഞ്ഞു.

ശനിയാഴ്ച രാവിലെ 7:30 ഭവാനി സര്‍വ്വശാല പരിസരത്ത് റാലിയില്‍ പങ്കെടുന്ന വാഹനങ്ങളുമായുള്ള റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.

15 എക്കറിലധികം സ്ഥലത്ത് 2 വേദികളിലായിട്ടാണ് മത്സരം നടക്കുന്നത്.

പ്രാദേശിക ഫുഡ് കോര്‍ട്ടുകളും, തണ്ണീര്‍ പന്തലും ഉണ്ടാകും.

ഭിന്ന ശേഷിക്കാര്‍ക്കായി പ്രതേക വേദി ഏര്‍പ്പെടുങ്ങിയിട്ടുണ്ട്. അവരില്‍ ആഗ്രഹം ഉള്ളവര്‍ക്കായി പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി സ്‌പെഷല്‍ റൈഡ് സംഘടിപ്പിക്കും.

ആലക്കാട് വായനശാല മുതല്‍ ഏഴും വയലിലേക്ക് സൗജന്യ ഓട്ടോ സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്ത സമ്മേളനത്തില്‍ എം.വിജിന്‍ എം എല്‍ എ
സുജീഷ് കോലോത്തൊടി, രവീഷ് നന്ദന്‍, ഷനി ചൗധരി, കെ.പത്മനാഭന്‍, ടി.വി.ചന്ദ്രന്‍, പി.നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.