കെ.ജെ.യു സ്ഥാപക പ്രസിഡന്റും മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനുമായ ജി.പ്രഭാകരന്‍ വാഹനാപകടത്തില്‍ മരിച്ചു.

 

പാലക്കാട്: ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന്‍ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും ടൈംസ് ഒഫ് ഇന്ത്യ-പാലക്കാട് ലേഖകനുമായിരുന്ന പാലക്കാട് അയ്യപുരം ശാസ്താപുരി മഴവില്ല് വീട്ടില്‍ ജി.പ്രഭാകരന്‍ (70) വാഹനാപകടത്തില്‍ മരിച്ചു.

ദീര്‍ഘകാലം ദ ഹിന്ദുവിന്റെ പാല ക്കാട് ബ്യൂറോ ചീഫും പ്രസ്‌കൗണ്‍സില്‍ ഒഫ് ഇന്ത്യ മുന്‍ അംഗവുമായിരുന്നു.

പാലക്കാട് പുതിയപാലത്ത് ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം.

അമൃത എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ ശാസ്താപുരിയിലെ വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക്‌പോകുന്നതിനിടെയായിരുന്നു അപകടം.

പ്രഭാകരന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ മറ്റൊരുവാഹനമിടിച്ച് റോഡിലേക്ക് വീണ പ്രഭാകരന്റെ ശരീരത്തിലൂടെ പിറകെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. അദ്ദേഹം തത്ക്ഷണം മരിച്ചു.

അപകടശേഷം ഇരുവാഹനങ്ങളും നിര്‍ത്താതെ പോയി. രണ്ട് വാഹനങ്ങളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അന്വേഷണത്തില്‍ മണ്ണാര്‍ക്കാട്ഭാഗത്തുള്ളതാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

വി.കെ.ശ്രീകണ്ഠന്‍ എം.പിയുടെയും കളക്ടര്‍ ഡോ.എസ്.ചിത്രയുടെയും ഇടപെടലിനെ തുടര്‍ന്ന് എസ്.പിയുടെ മേല്‍നോട്ടത്തില്‍ ന ടത്തിയ അന്വേഷണത്തിനൊടുവിലാണ് വാഹനങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന ഭൂപേഷ് ഗുപ്തയുടെ സെക്രട്ടറിയായി ഡല്‍ഹിയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.

തുടര്‍ന്ന് പാട്രിയറ്റ് എന്ന ഇംഗ്ലീഷ് പത്രത്തില്‍ റിപ്പോര്‍ട്ടറായി തിരുവനന്തപുരത്തേക്കെത്തി.

പിന്നീ ടാണ് ഹിന്ദുലേഖകനായി പാലക്കാടെത്തുന്നത്.

ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന്റെ പ്രതിനിധിയായാണ് പ്രസ്‌കൗണ്‍സില്‍ അംഗമായത്.

2000 മേയ് ഒന്നിന് രൂപീകരിക്കപ്പെട്ട കേരള ജേണലിസ്റ്റ് യൂണിയന്റെ സ്ഥാപക പ്രസിഡന്റായിരുന്നു.

ആദിവാസി മേഖലയായ അട്ടപ്പാടിയില്‍നിന്ന് നിരവധി ശ്രദ്ധേയ വാര്‍ത്തകള്‍ ചെയ്തിട്ടുണ്ട്. ആദിവാസി ജീവിതത്തെക്കുറിച്ച് ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര പുത്തൂര്‍ സ്വദേശിയാണ്. മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയില്‍.

ഭാര്യ: വാസന്തി. മക്കള്‍: നിഷ, നീതുറാണി(ഫ്രാന്‍സ്). മരുമകന്‍: പ്രഭുരാമന്‍. സംസ്‌കാരം ഇന്ന് നടക്കും.

ജി.പ്രഭാകരന്റെ നിര്യാണത്തില്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കമ്മറ്റി അനുശോചിച്ചു.