അമ്മ പുഴയിലെറിഞ്ഞ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, അച്ഛന്റെ ബന്ധു അറസ്റ്റില്‍
കൊച്ചി: അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു.
കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു.
ഇന്നലെ വൈകീട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
ഇയാള്‍ക്കെതിരെ പോക്സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വീടിനുള്ളില്‍ വെച്ചാണ് പീഡിപ്പിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
പീഡനം സംബന്ധിച്ച ചില സാഹചര്യ തെളിവുകള്‍ ലഭിച്ചതായും പൊലീസ് സൂചിപ്പിച്ചു.
ഒന്നിലേറെ തവണ പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നതായാണ് സൂചന.
തിങ്കളാഴ്ച വൈകീട്ട് കാണാതായ കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്നും ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കണ്ടെടുക്കുന്നത്.
തുടര്‍ന്ന് ചോദ്യം ചെയ്യലിനൊടുവില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ അമ്മയെ, അതിനു ശേഷം കോടതിയില്‍ ഹാജരാക്കാതെ വീണ്ടും ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു.
തുടര്‍ന്ന് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വീണ്ടും ചോദ്യം ചെയ്തു.
ഈ സമയം തന്നെ പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടും പൊലീസിന് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മയെ ചോദ്യം ചെയ്തതിലൂടെയാണ് പിതാവിന്റെ ബന്ധുക്കളിലേക്കുള്ള സൂചന പൊലീസിന് ലഭിച്ചത്.
തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കുട്ടിയുടെ പിതാവിന്റെ അടുത്ത മൂന്നു ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയായിരുന്നു.
ആദ്യ രണ്ടുപേരെ വിട്ടയച്ച ശേഷം മൂന്നാമത്തെയാളെ മാത്രം കസ്റ്റഡിയില്‍ സൂക്ഷിച്ചു.
തുടര്‍ന്ന് ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാര്‍ ചേര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
കേസില്‍ വിശദമായ അന്വേഷണത്തിന് പുത്തന്‍കുരിശ്, ആലുവ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ എറണാകുളം റൂറല്‍ എസ്പി എം ഹേമലത നിയോഗിച്ചിട്ടുണ്ട്.
റിമാന്‍ഡിലായ കുട്ടിയുടെ അമ്മയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരുമെന്നാണ് സൂചന.