കുപ്പം മംഗലശ്ശേരി പുഴയില്‍ നടക്കുന്ന ആറാമത് ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തളിപ്പറമ്പ്: കേരള ടൂറിസം വകുപ്പിന്റെയും കണ്ണൂര്‍ ഡിടിപിസിയുടെയും സഹകരണത്തോടെ കുപ്പം മംഗലശ്ശേരി പുഴയില്‍ നടക്കുന്ന ആറാമത് ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഒക്ടോബര്‍ 29-ന് ഉച്ചക്ക് ശേഷമാണ് വള്ളംകളി മത്സരം തുടങ്ങുക. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

2012 ലാണ് ആദ്യമായി കുപ്പം മംഗലശ്ശേരി പുഴയില്‍ ജലോത്സവം സംഘടിപ്പിച്ചത്.

അഞ്ചാമത്തെ ജലോത്സവം 2019-ലാണ് നടന്നത്. തുടര്‍ന്ന് കോവിഡിന് കാരണം വള്ളം കളി മുടങ്ങുകയായിരുന്നു.

ഇത്തവണ വളരെ ഗംഭീരമായാണ് ആറാമത് ജലോത്സവം നടക്കുന്നത്. മലബാറിലെ തന്നെ പ്രധാനപ്പെട്ട വള്ളംകളിയാണ് കുപ്പം മംഗലശ്ശേരി വള്ളംകളി.

ഉദ്ഘാടന ചടങ്ങില്‍ എം.വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എം.വി ഗോവിന്ദന്‍ എംഎല്‍എ സമ്മാനദാനവും നിര്‍വഹിക്കും.

25 പേര്‍ തുഴയുന്ന ഉത്തരമേഖലാ വള്ളംകളിയില്‍ 14 ടീമുകളും 15 പേര്‍ തുഴയുന്ന ഉത്തരമേഖലാ വള്ളംകളിയില്‍ 15 ടീമുകളും 6-വനിത വള്ളംകളി ടീമുകളും മത്സര രംഗത്തുണ്ട്.

ഫ്‌ളൈ ബോര്‍ഡ് പ്രകടനം, ജലസാഹസിക പ്രകടനങ്ങള്‍, ജലശിങ്കാരിമേളം, കയാക്കിംഗ്, ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ലൈറ്റ് ഷോ വിത്ത് ഫ്യൂഷന്‍ ശിങ്കാരിമേളം എന്നിവയും അരങ്ങേറും.

കഴിഞ്ഞ തവണകളിലെ വള്ളംകളിയില്‍ നിന്ന് വ്യത്യസ്തമായി കാണികള്‍ക്ക് ഇരുന്ന് വള്ളംകളി വീക്ഷിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യസംഘാടകന്‍ ഡി.ഹരിദാസ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.