വി.ദാസന്‍ സ്മാരക ട്രസ്റ്റിന്റെ പ്രഥമ അവാര്‍ഡ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ:ടി.ഒ.മോഹനന്
തളിപ്പറമ്പ്: ആന്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരിക്കെ കൊലചെയ്യപ്പെട്ട വി.ദാസന്റെ സ്മരണാര്‍ത്ഥം ദാസന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ:ടി.ഒ.മോഹനന്.
കേരളത്തിലെ ഏറ്റവും നല്ല തദ്ദേശ സ്ഥാപന അധ്യക്ഷന്‍ എന്ന നിലയിലാണ് അവാര്‍ഡ് നല്‍കുന്നതെന്ന് മുഖ്യ
സംഘാടകന്‍ ഇ.ടി.രാജീവന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനെ അറിയിച്ചു.
കിലയുടെ മുന്‍ ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
കൊല്ലപ്പെട്ട വി.ദാസന്റെ ഇരുപത്തിയെട്ടാമത് രക്തസാക്ഷിത്വ ദിനമായ 28 ന് ശനിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് തളിപ്പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കും.
ദാസന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ ഒ.കരുണന്‍ അദ്യക്ഷത വഹിക്കും. ഡി.സി.സി ജന.സെക്രട്ടെറിമാരായ ടി.ജനാര്‍ദ്ദനന്‍, ഇ.ടി.രാജീവന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി, പി.എം.പ്രേംകുമാര്‍, അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, വല്‍സന്‍ കടമ്പേരി എന്നിവര്‍ പ്രസംഗിക്കും.
സി.വി.വിജയന്‍ സ്വാഗതവും എ.മോഹനന്‍ നന്ദിയും പറയും.
കോര്‍പ്പറേഷന്‍ പരിധിയില്‍ വര്‍ഷങ്ങളായി നില നിന്ന മാലിന്യപ്രശ്‌നം പരിഹരിച്ചതും ദസറ ഉത്സവം സംഘടിപ്പിച്ചതും ഉള്‍പ്പെടെ മേയറുടെ നേതൃത്വത്തില്‍ നടത്തിയ നിരവധി പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയത്.