ലാന്റ് അക്വിസിന്‍ ഓഫീസുകളിലെ നിയമനങ്ങളേക്കുറിച്ചും, പ്രവര്‍ത്തനങ്ങളേക്കുറിച്ചും സമഗ്ര അന്വേഷണം വേണം-മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികാരണം പൊതുവിതരണം പോലും താറുമാറായി കിടക്കവെ വെള്ളാനയായി തുടരുന്ന ലാന്റ് അക്വിസിഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാവുന്നു.

ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ എസ്.ശിവസുബ്രഹ്‌മണ്യന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

2012 കാലഘട്ടത്തില്‍ ആരംഭിച്ച കേരളത്തിലെ ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള ഭൂമിയേറ്റെടുക്കല്‍ ഓഫീസുകളില്‍ ജോലികള്‍ 99 ശതമാനം പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടും ചിലരുടെ നിക്ഷിപ്ത താല്‍പര്യം കാരണം ഓഫീസുകള്‍ തുടരാന്‍ അനുമതി നല്‍കിയതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് പരാതി.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച വയോധികരായ നിരവധിയാളുകളെ ഇവിടെ നിയമിച്ചിട്ടുണ്ട്.

70 വയസു പിന്നിട്ടവര്‍ പോലും ഈ ഓഫീസുകളില്‍ ജോലി ചെയ്യുന്നുണ്ട്.

ഇവര്‍ ആഴ്ച്ചയില്‍ ഒരു ദിവസം വന്ന് വരാത്ത ദിവസങ്ങളിലെ ഒപ്പുകള്‍ ഇട്ട് ശമ്പളം പറ്റുന്നതായി വിജിലന്‍സിലും പരാതികളുണ്ട്.

മുന്‍ പിണറായി സര്‍ക്കാറിന്റെ കാലത്ത് ഇടത് സര്‍വീസ് സംഘടനകളുടെ നേതാക്കളില്‍ ചിലരുടെ ബന്ധുക്കളെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി പിന്‍വാതില്‍ നിയമനം നടത്തിയതിനെതിരെയും വിജിലന്‍സ് ഡയരക്ടര്‍ക്ക് ഇതിനകം പരാതികള്‍ നല്‍കിയിട്ടുണ്ട്.

പത്രപരസ്യം പോലും ഇല്ലാതെയാണ് ഇവരുടെ നിയമനങ്ങള്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കിയിട്ടായിരുന്നു ഈ നിയമനങ്ങള്‍.

തളിപ്പറമ്പ് ലാന്റ് അക്യുസിഷന്‍ ഓഫീസുകളില്‍ റിട്ടയര്‍ ചെയ്ത മൂന്ന് വയോധികരും പിന്‍വാതില്‍ നിയമനം നേടിയ നാലുപേരുമാണ് താല്‍ക്കാലിക തസ്തികകളില്‍ ഒരു ജോലിയും ചെയ്യാതെ ശമ്പളം വാങ്ങുന്നതെന്നാണ് പരാതി.

സി.പി.എം സര്‍വീസ് സംഘടനയില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ സി.പി.ഐ സംഘടനയിലേക്ക് കൂറുമാറിയ ഒരു ജീവനക്കാരി കോട്ടയത്തെ ബന്ധുവിനെ വിളിച്ചുവരുത്തി ഇവിടെ പിന്‍വാതില്‍ നിയമനം നടത്തിയിരുന്നു.

ഇതേക്കുറിച്ചെല്ലാം സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ലാന്റ് റവന്യു കമ്മീഷണര്‍ ഉള്‍പ്പെടയുള്ളവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

അനധികൃത നിയമനം നേടി അന്യായമായി ശമ്പളം പറ്റുന്നവരെ പിരിച്ചുവിടണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.