കേരള ജനതയെ ഇതിലും മെച്ചപ്പെട്ട ജീവിതത്തിലേക്ക് നയിക്കലാണ് ഇടതുമുന്നണിയുടെ ലക്ഷ്യം-എം.വി.ജി.

തളിപ്പറമ്പ്: കേരള ജനതയെ ഇനിയും മികച്ച ഗുണനിലവാരമുള്ള ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍.

തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റി എല്‍.ഡി.എഫ് കുടുംബസംഗമം കീഴാറ്റൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മാധ്യമങ്ങള്‍ മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കാനാണ് വ്യാജവാര്‍ത്തകള്‍ പടച്ചുകൊണ്ടിരിക്കുന്നതെന്നും, ഇതിനെയെല്ലാം അതിജീവിച്ച് ഇടതുപക്ഷം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തില്‍ തന്നെ അറിയപ്പെടുന്ന തളിപ്പറമ്പിലെ രാജരാജേശ്വരക്ഷേത്രം തൃച്ചംബരം, കാഞ്ഞിരങ്ങാട്, പറശിനിക്കടവ്, നീലിയാര്‍ കോട്ടം എന്നിവയെല്ലാം ഉള്‍പ്പെടുത്തി വിപുലമായ ഒരു ടൂറിസം സര്‍ക്യൂട്ടിന് രൂപം നല്‍കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്‍ അധ്യക്ഷത
വഹിച്ചു.

ജില്ലാ സെക്രട്ടെറി എം.വി.ജയരാജന്‍, ടി.കെ.ഗോവിന്ദന്‍, നടന്‍ സന്തോഷ് കീഴാറ്റൂര്‍, കെ.സന്തോഷ്, പി.കെ.ശ്യാമള, ടി.ബാലകൃഷ്ണന്‍, ഒ.സുഭാഗ്യം, തോമസ് ചൂരനോലി, മീത്തല്‍ കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കുടുംബസംഗമം സി.പി.എം പരിപാടിയാക്കിയെന്ന് ആരോപിച്ച് ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ കുടുംബസംഗമം ബഹിഷ്‌ക്കരിച്ചു.

ഉദ്ഘാടന പ്രസംഗത്തില്‍ എം.വി.ഗോവിന്ദന്‍ ഇത് സംബന്ധിച്ച് യാതൊരു അഭിപ്രായവും പറയാന്‍ തയ്യാറായില്ല.

സി.പി.ഐയുടെ നേതൃത്വത്തില്‍ 18 ന് മാന്തംകുണ്ടില്‍ ബദല്‍ കുടുംബസംഗമം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.