മകളുടെ വിവാഹതലേന്ന് അച്ഛനെ കാമുകന്‍ അടിച്ചുകൊന്നു

വര്‍ക്കല: മകളുടെ വിവാഹദിനത്തില്‍ അച്ഛനെ വെട്ടിക്കൊന്നു.

വടശ്ശേരിക്കോണത്ത് ശ്രീലക്ഷിമിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്.

പെണ്‍കുട്ടിയുടെ സുഹൃത്തും സംഘവുമാണ് കൊല നടത്തിയത്.

ഇവര്‍ പുലര്‍ച്ചെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു.

രാജുവിന്റെ മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെയാണ് കൊലപാതകം.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയല്‍വാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണുവിനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ജിഷ്ണുവിന്റെ സഹോദരന്‍ ജിജിനും അറസ്റ്റിലായി.

ഇന്നു രാവിലെ പത്തരയോടെയാണ് രാജുവിന്റെ മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

വിവാഹത്തലേന്ന് ഇവിടേക്കെത്തിയ അയല്‍വാസിയായ ജിഷ്ണുവും സഹോദരന്‍ ജിജിനും രണ്ടു സുഹൃത്തുക്കളും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

സംഘര്‍ഷത്തിനും കയ്യാങ്കളിക്കുമിടെ പെണ്‍കുട്ടിയുടെ പിതാവിനെ ഇവര്‍ മണ്‍വെട്ടിയുമായി ആക്രമിച്ചെന്നാണ് വിവരം.

ഇന്നു പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം.

പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇതു സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.

വിവരമറിഞ്ഞ് പൊലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

മര്‍ദ്ദനമേറ്റ രാജു തല്‍ക്ഷണം മരിച്ചെന്നാണ് വിവരം. മുന്‍പ് വിദേശത്തായിരുന്ന രാജു, പിന്നീട് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ വന്ന് സ്ഥിര താമസമാക്കിയതായിരുന്നു.

പ്രതികളായ ജിഷ്ണുവും സഹോദരന്‍ ജിജിനും രണ്ടു സുഹൃത്തുക്കളും പോലീസ് കസ്റ്റഡിയിലാണ്.