കണ്ണൂരില്‍ വന്‍ ലഹരിവേട്ട-പിടിച്ചെടുത്തത് അതിമാരക മയക്കുമരുന്ന്-രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ എക്‌സൈസിന്റെ വന്‍ ലഹരി വേട്ട, അതിമാരക ലഹരിമരുന്നായ എല്‍ എസ് ഡി (LSD) സ്റ്റാമ്പുമായി രണ്ട് യുവാക്കള്‍ പിടിയില്‍.

എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലാണ് വന്‍ ലഹരി വേട്ട നടത്തിയത്.

0.1586 മില്ലിഗ്രാം എല്‍ എസ് ഡി യും കടത്താന്‍ ഉപയോഗിച്ച KL 13 AJ 2850 ഡിയോ സ്‌കൂട്ടറും പിടികൂടി.

കണ്ണൂര്‍ നീര്‍ക്കടവ് സ്വദേശി ചെട്ടിപ്പറമ്പത്ത് വീട്ടില്‍ സി പി പ്രജൂണ്‍ (25), കണ്ണൂര്‍ കക്കാട് പള്ളിപ്രം സ്വദേശി ഷീബാലയത്തില്‍ ടി. യദുല്‍(25) എന്നിവരെയാണ് പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നടത്തിയ രഹസ്യ നിരീക്ഷണത്തില്‍ കണ്ണൂര്‍ ടൗണ്‍ , സിറ്റി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന ചെയ്യുന്ന പ്രധാനകണ്ണികളാണ് എക്‌സൈസിന്റെ വലയിലായത് .

വെറും 0.002 മില്ലിഗ്രാം കൈവശം വച്ചാല്‍ തന്നെ 10 വര്‍ഷം തടവും 2 ലക്ഷം വരെ പിഴ കിട്ടാവുന്നതുമായ ലഹരിമരുന്നാണ് പിടികൂടിയത്.

നഗരങ്ങളില്‍ നടത്തുന്ന ഡി ജെ പാര്‍ട്ടികളില്‍ പ്രധാനമായും ഉപയോഗിക്കുന്ന പേപ്പര്‍, സൂപ്പര്‍മാന്‍, ബൂമര്‍, ലാല, ആലീസ് എന്നീ കോഡ് ഭാഷകളിലും ചെല്ലപ്പേരിലറിയപ്പെടുന്ന അതിമാരക ലഹരി മരുന്നാണ് എല്‍ എസ് ഡി. വിവിധ വര്‍ണ്ണചിത്രങ്ങളിലും വിവിധ രൂപത്തിലും വളരെ ചെറിയ അളവിലും ലഭിക്കുന്നതിനാല്‍ ശരീര ഭാഗങ്ങളിലും എവിടെയും ഒളിപ്പിക്കുവാന്‍ കഴിയുന്നതുമായ ഈ ലഹരിമരുന്ന് കണ്ടു പിടിക്കുന്നത് തന്നെ വളരെ പ്രയാസകരമാണ് .

കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ പിടിച്ചതില്‍ ഏറ്റവും വലിയ എല്‍ എസ് ഡി വേട്ടയാണിത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ടി. യേശുദാസന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ശശി ചേണിച്ചേരി, എം.കെ സന്തോഷ്, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, കെ.എം.ദീപക് (ഗ്രേഡ്), സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.വി.ഹരിദാസന്‍, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി.പി.രജിരാഗ്, പി.ജലിഷ്, ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് ലഹരിമരുന്ന് വില്‍പ്പനക്കാരെ പിടികൂടിയത്.

എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ടി. ദിലീപ് ഇവരെ ചോദ്യം ചെയ്തതില്‍ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിവിധയിനം ലഹരിമരുന്ന് കടത്ത് സംഘം, കമ്മീഷന്‍ ഏജന്റ്മാര്‍, വില്‍പ്പനക്കാര്‍ എന്നിവരെക്കുറിച്ച് എക്‌സൈസിന് നിര്‍ണ്ണായക വിവരം ലഭിച്ചിട്ടുണ്ട്.

പിടികൂടിയ ലഹരിമരുന്നിന് ലക്ഷങ്ങള്‍ വില വരും. പ്രതികളെ കണ്ണൂര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും. തുടര്‍ നടപടികള്‍ വടകര എന്‍ ഡി പി എസ് കോടതിയില്‍ നടക്കും.