ബി.എ.ബക്കറിന്റെ മണിമുഴക്കത്തിന് 48.

ജീവിതഗന്ധിയായ നിരവധി നോവലുകള്‍ മലയാളത്തിന് സമ്മാനിച്ച എഴുത്തുകാരിയാണ് പരേതയായ സാറാ തോമസ്.

ഇവരുടെ മുറിപ്പാടുകള്‍ എന്ന നോവലാണ് 1976 ല്‍ പി.എ.ബക്കര്‍ ചലച്ചിത്രമാക്കിയത്.

കാര്‍ട്ടൂണിസ്റ്റ് തോമസ് നിര്‍മ്മിച്ച സിനിമയുടെ തിരക്കഥ പി.എ ബക്കറിന്റേത് തന്നെയാണ്.

സംഭാഷണം-സാറാതോമസ്. ക്യാമറ വിപിന്‍ദാസ്, എഡിറ്റര്‍-രവികിരണ്‍. അനശ്വര ചിത്രയുടെ ബാനറില്‍ നിര്‍മ്മിച്ച സിനിമയുടെ വിതരണവും അനസ്വര ചിത്ര തന്നെയായിരുന്നു.

ഡിസൈനേഴ്‌സ് എറണാകുളമാണ് പരസ്യം തയ്യാറാക്കിയത്.

ഹരി, വീരന്‍, ജോണ്‍സണ്‍, ശങ്കരാടി, സരിത, ഊര്‍മിള, ചാരുലത, ശാന്തകുമാരി, മീന ഗണേഷ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

രണ്ടു വ്യത്യസ്ത മതവിശ്വാസങ്ങള്‍ക്കിടയില്‍ പെട്ട് സ്വത്വപ്രതിസന്ധി നേരിടുന്ന യുവാവിന്റെ കഥയെ ആധാരമാക്കി നിര്‍മിച്ച ചിത്രം മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കി.

ക്രിസ്ത്യന്‍ അനാഥ മന്ദിരത്തില്‍ വളര്‍ന്ന ഹിന്ദു യുവാവ് ജോസ് പോള്‍ തന്റെ വിശ്വാസങ്ങള്‍ക്കും മത വ്യക്തിത്വങ്ങള്‍ക്കുമിടയില്‍പെട്ട് നട്ടം തിരിയുന്നതിന്റെ കഥയാണ് മണിമുഴക്കം.

ഒരു സമ്പന്ന ഹിന്ദു അയാളെ ദത്ത് എടുക്കുകയും പേരും മതവും മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.

സങ്കീര്‍ണമായ അയാളുടെ ഭൂതകാലത്തിന്റെ പേരില്‍ അയാളെ സ്വീകരിക്കാന്‍ സ്ത്രീകള്‍ മടിക്കുന്നു.

ഹിന്ദുവാണ് എന്ന കാരണത്താലാണ് ഒരിക്കല്‍ നിരസിക്കപെടുന്നതെങ്കില്‍ മറ്റൊരിക്കല്‍ ക്രിസ്ത്യാനി ആണ് എന്ന പേരില്‍ അയാള്‍ അവഗണിക്കപ്പെടുന്നു.

ഏപ്രില്‍ 30 നിരവധി പ്രശസ്തമായ സിനിമകള്‍ റിലീസ് ചെയ്യപ്പെട്ട ദിവസമാണ്. എം.എ.വി.രാജേന്ദ്രന്‍ സംവിധാനം ചെയ്ത മുതലാളി(1965-59 വര്‍ഷം), ജെ.ഡി.തോട്ടാന്‍ സംവിധാനം ചെയ്ത കല്യാണഫോട്ടോ(1965-59 വര്‍ഷം), പി.ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത വിത്തുകള്‍(1971-53 വര്‍ഷം),ശശികുമാര്‍ സംവിധാനം ചെയ്ത ബോബനും മോളിയും(1971-53വര്‍ഷം), എ.വിന്‍സെന്റ് സംവിധാനം ചെയ്ത അനാവരണം(1976-48 വര്‍ഷം),എ.ബി.രാജ് സംവിധാനം ചെയ്ത ചിരിക്കുടുക്ക(1976-48 വര്‍ഷം), അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം(1981-43 വര്‍ഷം), കെ.ജി.ജോര്‍ജിന്റെ യവനിക(1982-42 വര്‍ഷം), ഭരതന്റെ പാളങ്ങള്‍(1982-42 വര്‍ഷം),ശ്രീകുമാരന്‍തമ്പിയുടെ ആധിപത്യം(1983-41 വര്‍ഷം).