കന്നിക്കലവറക്ക് കുറ്റിയടിച്ചു- പാലയ്ക്ക് കുറിയിട്ടു-മാതമംഗലം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിനൊരുങ്ങി.

മാതമംഗലം: മാതമംഗലം മുച്ചിലോട്ട് ഭഗവതീക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള കന്നിക്കലവറയ്ക്ക് കുറ്റിയടിക്കല്‍ ചടങ്ങ് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു.

മേലാശാരി രാജേഷ് കിഴക്കിനിയില്‍ മുഹൂര്‍ത്തകുറ്റിയടിച്ച് കന്നിക്കലവറയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു.

കരിവെള്ളൂര്‍, തൃക്കരിപ്പൂര്‍, കോറോം മുച്ചിലോടുകളിലെ ആചാരസ്ഥാനികര്‍, ക്ഷേത്രം ആചാരസ്ഥാനികര്‍, മറ്റ് ക്ഷേത്രങ്ങളിലെ ആചാരക്കാര്‍, ക്ഷേത്രം കോയ്മക്കാര്‍, സംഘാടകസമിതി അംഗങ്ങള്‍, വാല്യക്കാര്‍, മാതൃസമിതിയംഗങ്ങള്‍ തുടങ്ങി നിരവധി ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി എല്ലാ സാധന സാമഗ്രികളും ശുദ്ധിയോടെ സ്വരൂപിച്ചുവെക്കുന്ന പ്രധാന സ്ഥാനമാണ് കന്നിക്കലവറ.

 

മാതമംഗലം മുച്ചിലോട്ട് ഭഗവതീക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള പാലയ്ക്ക് കുറിയിടല്‍ ചടങ്ങ് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ക്ഷേത്ര സമീപമുള്ള പാലമരച്ചുവട്ടില്‍ നടന്നു.

കരിവെള്ളൂര്‍, തൃക്കരിപ്പൂര്‍, കോറോം മുച്ചിലോടുകളിലെ ആചാരസ്ഥാനികര്‍, ക്ഷേത്രം ആചാരസ്ഥാനികര്‍, മറ്റ് ക്ഷേത്രങ്ങളിലെ ആചാരക്കാര്‍, ക്ഷേത്രം കോയ്മക്കാര്‍, സംഘാടകസമിതി അംഗങ്ങള്‍, വാല്യക്കാര്‍, മാതൃസമിതിയംഗങ്ങള്‍ തുടങ്ങി നിരവധി ഭക്ത ജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

ആചാരസ്ഥാനികള്‍ കുറിയിട്ട് മഹാവൃക്ഷത്തോട് അനുമതി വാങ്ങുന്നതാണ് ചടങ്ങ്.

കന്നിക്കലവറയുടെ നിര്‍മ്മാണത്തിന് പലകയായും പന്തലായും ഈ വൃക്ഷത്തിന്റെ ഭാഗങ്ങളാണ് ഉപയോഗിക്കുക.