എം.ഡി.എം.എയും കഞ്ചാവും മൂന്നുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ വന്‍ ലഹരി വേട്ട. ഇരിക്കൂറിലും ചെറുപുഴയിലുമായി മൂന്ന യുവാക്കള്‍ അറസ്റ്റിലായി.

ഇന്നലെ വൈകുന്നേരം 4:00 മണിയോടെ ഇരിക്കൂര്‍ പെരുവളത്ത്പറമ്പില്‍ നടത്തിയ വാഹനപരിശോധനയിലാണ് 4.10 ഗ്രാം എം.ഡി.എം.എയുമായി കുത്തുപറമ്പ് മെരുവമ്പായി സ്വദേശി കണ്ടന്‍കുന്ന് വീട്ടില്‍ പി.അഫ്‌സ്‌നാസ്(29), കുത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി സി.പി.ഖാലിദ് (35) എന്നിവരെ് പോലീസ് പിടികൂടിയത്.

ഇവര്‍ സഞ്ചരിച്ച KL 58 V 1875 നമ്പര്‍ സ്വിഫ്റ്റ് കാറും പോലീസ് പിടികൂടി. ഇരിക്കൂര്‍ എസ്.ഐ മുഹമ്മദ് നജ്മി പ്രതികളെ അറസ്റ്റ് ചെയ്തു. എസ് ഐ സത്യനാഥന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രിയേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ഇന്നലെ ഉച്ചക്ക് 1.10 നാണ് ചെറുപുഴയില്‍ 540 ഗ്രാം കഞ്ചാവുമായി അലക്കോട് തേര്‍ത്തല്ലി സ്വദേശി കിഴക്കുമ്പില്‍ ഷോബിന്‍ സണ്ണി(40)നെ പാടിച്ചാല്‍ അയ്യപ്പന്‍ ക്ഷേത്രത്തിനു സമീപത്തുവെച്ച് ചെറുപുഴ എസ്.ഐ എം.പി.ഷാജി അറസ്റ്റ്  ചെയ്തത്.


എ.എസ്.ഐ ഹബീബ് റഹ്‌മാന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് ബാബു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലതക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.രമേശന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റ (DANSAF) സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

കണ്ണൂര്‍ ജില്ലയിലെ പ്രധാന മയക്കു മരുന്ന് വില്‍പ്പനക്കാരാണ് മൂന്നുപേരുമെന്ന് പോലീസ് പറഞ്ഞു.