നഷ്ടപ്പെട്ടത് അത്രമേല്‍ പ്രിയപ്പെട്ടതാണ് സാര്‍- 21 വര്‍ഷമായി പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി നേവി ഉദ്യോഗസ്ഥന്‍

 

തളിപ്പറമ്പ്:  മോഷ്ടാവ് കവര്‍ന്ന സ്വര്‍ണ സമ്പാദ്യം തേടി 21 വര്‍ഷത്തെ കാത്തിരിപ്പിന്റെ തുടര്‍ച്ചയായി പതിവ് തെറ്റിച്ച് രാമകൃഷ്ണന്‍ ഇന്നലെ വീണ്ടും പോലീസ് സ്റ്റേഷനിലെത്തി.

രണ്ടു പതിറ്റാണ്ടു മുമ്പ് ജീവിത സമ്പാദ്യം നഷ്ടപ്പെട്ടപ്പോഴുള്ള അതേ നൊമ്പരവും ഹൃദയവ്യഥയും തെല്ലും കുറയാതെ രാമകൃഷ്ണന്‍ (75)പോലീസുകാരോട് സംസാരിച്ചു.

2002 സെപ്റ്റംബര്‍ ഒന്നിന് രാത്രിയാണ് തളിപ്പറമ്പ് കൂവോട്ടെ രാമൃഷ്ണന്റെ വീട് കുത്തിത്തുറന്ന് 45 പവന്‍ കവര്‍ന്നത്.

ഈ കേസില്‍ തുമ്പുണ്ടായോ എന്നറിയാന്‍ 592/2002 ക്രൈം നമ്പറായി തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത തീയതിയായ സപ്തംബര്‍ 2-ന് മുറതെറ്റാതെ ഓരോ വര്‍ഷവും അദ്ദേഹം പോലീസിനു മുന്നിലെത്തിയിരുന്നു.

ഇക്കഴിഞ്ഞ സപ്തംബര്‍ 2-നും അദ്ദേഹമെത്തി പരാതി ആവര്‍ത്തിച്ചു. എന്നാല്‍ പതിവ് തെറ്റിച്ച് ഇന്നലെ വീണ്ടും പോലീസ് സ്റ്റേഷനിലെത്തിയതിന് കാരണമുണ്ട്.

പോലീസ് വിളിപ്പിക്കുകയായിരുന്നു. ഈ കേസിന്റെ നാള്‍വഴികളില്‍ മുന്‍പും അങ്ങനെ അപൂര്‍വ്വമായി സംഭവിച്ചിട്ടുണ്ട്.

2013 ഡിസംബറില്‍ 17-ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആദ്യ സംഭവം. പത്തുവര്‍ഷത്തിനു ശേഷം 2023 നവംബര്‍ 20-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സില്‍ പരാതി നല്‍കിയപ്പോള്‍ അതേ നടപടി ക്രമം ആവര്‍ത്തിച്ചു.

നവകേരള സദസ്സിലെ പരാതിയില്‍ അന്വേഷണം നടത്താനുള്ള നിര്‍ദേശം കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് പോലീസിന് ലഭിച്ചത്. രാമകൃഷ്ണനെ വിളിച്ചു വരുത്തി വീണ്ടും മൊഴിയെടുത്തു.

സാമ്പത്തിത്തിക നഷ്ടം മാത്രമല്ല, അന്ന് നഷ്ടപ്പെട്ട ആഭരണങ്ങളില്‍ പലതും വൈകാരികമായി പ്രിയപ്പെട്ടതാണെന്നതാണ് രാമകൃഷ്ണന്‍ കേസിന് പിന്നാലെ അലയാനുള്ള കാരണം.

ഇന്ത്യന്‍ നേവിയിലും ഗള്‍ഫിലും ജോലി ചെയ്ത് സമ്പാദിച്ചതിന് പുറമേ മൂത്ത മകന്‍ ജനിച്ചപ്പോള്‍ രാമകൃഷ്ണന്റെ പിതാവ് സമ്മാനമായി നല്‍കിയ സര്‍ണവും ഭാര്യ പുഷ്പ വിവാഹത്തിന് അണിഞ്ഞ സ്വര്‍ണവും നഷ്ടപ്പെട്ടതിന്റെ കൂട്ടത്തിലുണ്ട്.

-ഞാന്‍ അച്ചടക്കമുള്ള പട്ടാളക്കാരനാണ്.സത്യസന്ധനായി ജീവിക്കാനാണ് എന്നും ആഗ്രഹിച്ചത്. ദുബൈയില്‍ നിന്ന് ഡ്യൂട്ടി അടച്ച് കൊണ്ടുവന്ന സ്വര്‍ണം അതിന്റ റസീറ്റ് അടക്കമാണ് കവര്‍ന്നത്- രാമകൃഷ്ണന്‍ പറഞ്ഞു.
ഓരോ വര്‍ഷവും പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുന്നത് പ്രതിഷേധത്തിന്റെ മാര്‍ഗമായി കൂടിയാണ് രാമകൃഷ്ണന്‍ തുടരുന്നത്.

നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചുകിട്ടില്ലെന്ന ബോധ്യം എനിക്കുണ്ട്. പക്ഷേ ആ കേസ് ഓരോ കൊല്ലവും പോലീസിനെ ഓര്‍മ്മിപ്പിക്കുമ്പോള്‍ എനിക്ക് ആശ്വാസം തോന്നുന്നു”-രാമകൃഷ്ണന്‍ പറഞ്ഞു.

ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം പോലീസിനെ സമീപിക്കുമ്പോള്‍ പരാതി അവരെ സംബന്ധിച്ച് തീരെ നിസ്സാരമാണ്.

പക്ഷേ, അതു തന്റെ ജീവിതമാണെന്ന് പോലീസുകാരെ ബോധ്യപ്പെടുത്താന്‍ രാമകൃഷ്ണന്‍ പരമാവധി ശ്രമിക്കുന്നു. പോലീസ് സ്‌റ്റേഷനിലെത്തുമ്പോള്‍ അവര്‍ക്ക് ചെറിയ പരിഹാസമുണ്ടാകും.

പക്ഷേ അപ്പോഴും അവര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്യാറുണ്ടെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

സപ്തംബര്‍ 1-ന് രാത്രി ഉറങ്ങാന്‍ കഴിയാറില്ല. അതാണ് സ്റ്റേഷന്‍ സന്ദര്‍ശനത്തിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ടപ്പോള്‍ രാമകൃഷ്ണന്‍ ഏറെ തകര്‍ന്നിരുന്നു. ബന്ധുവിന്റെ കല്യാണത്തിന് ഭാര്യ പുഷപ ബംഗളുരുവിലേക്ക് പോയപ്പോയിരുന്നു കവര്‍ച്ച.

മക്കളായ റീനയും രൂപേഷും അന്ന് പട്ടുവത്ത് അമ്മയുടെ തറവാട് വീട്ടിലായിരുന്നു. രാമകൃഷ്ണന്‍ നേവിയില്‍ നിന്ന് വിരമിച്ച ശേഷം മസ്‌കറ്റില്‍ ഗ്യാസ് ടര്‍ബൈന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു.

ബംഗളുരുവില്‍ നിന്ന് ഭാര്യ തിരികെ വന്നപ്പോഴാണ് കവര്‍ച്ചയില്‍ സ്വര്‍ണം നഷ്ടപ്പെട്ടതായും കണ്ടെത്തിയത്. വിവരമറിഞ്ഞ് രാമകൃഷ്ണനും നാട്ടിലേക്ക് തിരിച്ചു.
പരാതിയില്‍ പോലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചു.

എന്നാല്‍ ഒന്നും സംഭവിച്ചില്ല, അന്വേഷണം നിലച്ചു.ആദ്യഘട്ടത്തില്‍ വലിയ പ്രതീക്ഷയുണ്ടായെങ്കിലും പിന്നീട് എല്ലാവരും തണുത്തു.

ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിപോലും ലഭിക്കാതായി.

അന്വേഷണ ഉദ്യോഗസ്ഥര്‍ മാറിമാറിവന്നു. കേസില്‍ ജില്ലാ പോലീസ് മേധാവികള്‍ അടക്കം പിന്തുണ അറിയിച്ചിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഞാന്‍ നീതിക്കായി കാത്തിരിക്കുകയാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

ഓരോ തവണയും സ്റ്റേഷനിലെത്തി വേണ്ടത് ചെയ്തുതരാന്‍ അപേക്ഷിക്കുന്നുവെന്നും പറഞ്ഞ് രാമകൃഷ്ണന്‍ ഇപ്പോഴും വെറും കയ്യോടെ മടങ്ങുകയാണ്.

2002 ലെ എഫ്.ഐ. ആറില്‍ 2. 5 ലക്ഷം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇപ്പോത്തെ കണക്കില്‍ 21 ലക്ഷമാകും. സ്വര്‍ണത്തിന് വില കൂടുന്നതൊക്കെ അറിയാറുണ്ട്. പക്ഷേ ഞാനും ഭാര്യയും സ്വര്‍ണത്തിന്റെ വില നോക്കാറില്ല.-രാമകൃഷ്ണന്‍ പറയുന്നു. അവിചാരിതമായി എന്നെങ്കിലും കിട്ടും, കിട്ടാതിരിക്കില്ലെന്ന് വിസ്വസിക്കാനാണ് രാമകൃഷ്ണന് ഇഷ്ടം.