നാടിനെ ഭീതിയിലാഴ്ത്തുന്ന കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: വ്യാപാരി നേതാവ് കെ.എസ്.റിയാസ്.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരമേഖലയെ തകര്‍ക്കുന്നതിന് വേണ്ടി ചിലര്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ഗൂഡാലോചന നടത്തുകയാണെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു.

വ്യാജമായ വാര്‍ത്തകളും ശബ്ദരേഖകളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ച്ചകളിലായി മഞ്ഞപ്പിത്ത ബാധയുമായി ബന്ധപ്പെടുത്തി നടത്തിയ പരിശോധനയില്‍ ചിലര്‍ക്ക് രോഗം സ്ഥീരീകരിച്ചതിന്റെ പേരില്‍ മുന്‍സിപ്പാലിറ്റിയും ആരോഗ്യവകുപ്പും പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളും നടന്നിരുന്നു.

ഇതേതുടര്‍ന്ന് രോഗം നിയന്ത്രണ വിധേയമാകുകയും ചെയ്തു. എന്നാല്‍ ഇത് മുതലെടുത്ത് തളിപ്പറമ്പിലെ സാധാരണ ജീവിതം തകര്‍ക്കുന്ന വിധത്തില്‍ നഗരത്തിലേക്ക് ആളുകള്‍ വരാതിരിക്കാന്‍ മന:പൂര്‍വ്വം ചിലര്‍ പ്രചാരണം നടത്തുകയാണെന്ന് കെ.എസ്.റിയാസ് ആരോപിച്ചു.

കോവിഡ് കാലത്ത് നടത്തിയതുപോലുള്ള പ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തില്‍ കുപ്രചാരണങ്ങള്‍ തുടരുകയാണെങ്കില്‍ നിയമനടപടികളുമായി അസോസിയേഷന്‍ രംഗത്തിറങ്ങുമെന്നും കെ.എസ്.റിയാസ് മുന്നറിയിപ്പുനല്‍കി.

തളിപ്പറമ്പ് നഗരത്തില്‍ വന്നുപോകുന്നതിനും വ്യാപാര സേവനങ്ങള്‍ക്കും ഇതേവരെ യാതൊരുവിധ ബുദ്ധിമുട്ടുകളും നിലവിലില്ല.

കാലാവസ്ഥയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായി എല്ലാകാലത്തും അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടായത്.

അത് പര്‍വ്വതീകരിച്ച് കാണിച്ച് ഒരു സ്ഥാപനം അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി എന്ന തരത്തില്‍ വരെ കള്ള പ്രചാരണങ്ങള്‍ നടത്തുകയാണ്.

ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വ്യാജപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും റിയാസ് ആവശ്യപ്പെട്ടു.