ഗാന്ധി ശില്‍പ്പവും ജൈവവൈവിധ്യ ഉദ്യാനവും ഇനി വെള്ളാട് സ്‌കൂളിന് സ്വന്തം-മോഹനന്‍ അളോറ ഇന്ന് വിരമിക്കുന്നു
നടുവില്‍:സ്‌കൂള്‍ മുറ്റത്ത് പുഞ്ചിരിച്ചിരിക്കുന്ന ഗാന്ധി ശില്‍പ്പവും തൊടിയിലെ ജൈവവൈവിധ്യ ഉദ്യാനവും ഓര്‍മകളാക്കി മോഹനന്‍ അളോറ വെള്ളിയാഴ്ച്ച പടിയിറങ്ങുന്നു.
വെള്ളാട് ഗവ.യു.പി.സ്‌കൂള്‍ പ്രഥമാധ്യാപകനാണ് ഇദ്ദേഹം. 18-വര്‍ഷം ഇതേ സ്‌കൂളില്‍ അധ്യാപകനായും ഒരു വര്‍ഷം പ്രഥമാധ്യാപകനായും സേവനം ചെയ്തു.
അതിനു മുമ്പ് കാസര്‍കോട് ജില്ലയിലെ കോളിയടുക്കം സ്‌കൂളിലെ അധ്യാപകനായിരുന്നു.
1992ലാണ് സ്ഥിരനിയമനം ലഭിക്കുന്നത്. 2015 മുതല്‍ സ്‌കൂളില്‍ ജൈവവൈവിധ്യ ഉദ്യാന നിര്‍മാണം തുടങ്ങി. സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെയും അധ്യാപകരുടെയും പി.ടി.എയുടെയും സഹകരണവും കിട്ടി.
നൂറ് കണക്കിന് ഔഷധച്ചെടികളും ഫലവൃക്ഷങ്ങളും പൂച്ചെടികളും നട്ടുവളര്‍ത്തി. ജൈവ പച്ചക്കറികൃഷിയും ശ്രദ്ധയാകര്‍ഷിച്ചു.
തക്കാളിയും കാബേജും ക്വാളിഫ്‌ളവറും ഉള്‍പ്പെടെ ഒന്നര ഏക്കറോളം വളപ്പിലും ടെറസിലും മഴമറയിലും സ്ഥാനം പിടിച്ചു.
ഉച്ചഭക്ഷണത്തിനുള്ള കറികളിലെ പ്രധാന വിഭവങ്ങള്‍ സ്വന്തം കൃഷിയിടത്തില്‍ നിന്ന് തന്നെ വിളയിച്ചെടുക്കുകയിരുന്നു.
സംസ്ഥാന തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജൈവ വൈവിധ്യ ഉദ്യാനത്തിനുള്ള മൂന്നാം സമ്മാനം വെള്ളാട് സ്‌കൂളിന് ലഭിച്ചു. മാവും പ്ലാവും തെങ്ങും പേരയും സപ്പോട്ടയും റംബുട്ടാനും സാന്തോളും അബിയുവും ഉള്‍പ്പെടെ 80 ഇനം ഫല വൃക്ഷങ്ങള്‍ വളര്‍ന്ന് കായ്ച്ചു തുടങ്ങി.
016 മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷം മികവ് അവതരണത്തില്‍ ജില്ലയിലെ മികച്ച സ്‌കൂളുകളില്‍ ഒന്നായിരുന്നു വെള്ളാട്. അഞ്ച് വര്‍ഷം എസ്.എസ്.കെയിലും ജോലിചെയ്തു.
ഒന്നാം ക്ലാസിന്റെ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാഠപുസ്തക നിര്‍മാണ ശില്‍പ്പശാലകളിലും പങ്കെടുത്തിട്ടുണ്ട്.
2023 ല്‍ അധ്യാപകനായിരിക്കെ അതേ സ്‌കൂളില്‍ പ്രഥമാധ്യാപകനായി. ഹൃദയ ബന്ധമുള്ള സ്‌കൂളിന് മനോഹരമായൊരു ഗാന്ധി പ്രതിമയും സമ്മാനിച്ചാണ് മോഹനന്‍ മാഷിന്റെ പടിയിറക്കം.
രണ്ടേകാല്‍ ലക്ഷം രൂപ ഇതിന് ചെലവ് വന്നു. വിവിധ കാലയളവില്‍ സ്‌കൂളിനു ലഭിച്ച വിവിധ സമ്മാനത്തുകകളും ശില്‍പ്പ നിര്‍മാണത്തിന് ഉപയോഗിച്ചു.
വര്‍ത്തമാനകാലത്ത് വിദ്യാലയത്തിനു നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനമാണ് ഗാന്ധി പ്രതിമയെന്ന് അദ്ദേഹം പറയുന്നു.
ശില്‍പ്പി രമേശന്‍ നടുവിലാണ് നിര്‍മാണം നടത്തിയത്.
ഭാര്യ സജിത തടിക്കടവ് ഗവ.ഹൈസ്‌കൂള്‍ അധ്യാപികയാണ്. അക്ഷയ് മോഹനും അജയ് മോഹനും മക്കള്‍.