ഒരു പഞ്ചായത്ത് മെമ്പറുടെ നിശ്ചയദാര്‍ഡ്യം-ദാ-ചെക്ക്ഡാം വന്നു, ദേ- വെള്ളം വന്നു.
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: ഒരു ഗ്രാമത്തിന്റെ ജലക്ഷാമത്തിന് പരിഹാരമായി ചെക്ക്ഡാംനിര്‍മ്മാണം പൂര്‍ത്തിയായി.
വളക്കൈ, സിദ്ധിഖ് നഗര്‍, ചോലക്കുണ്ടം പ്രദേശങ്ങളില്‍ കിണറുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോള്‍ സിദ്ധീഖ്‌നഗര്‍ കേന്ദ്രികരിച്ച് ഒരു കുടിവെള്ള പദ്ധതിയെന്ന ആശയം ഗ്രാമപഞ്ചായത്തംഗവും മുസ്ലിംലീഗ് നേതാവുമായ മൂസാന്‍കുട്ടി തേര്‍ളായിയാണ് ആദ്യം മുന്നോട്ടുവെച്ചത്.
സഹപ്രവര്‍ത്തകരായ പി.പി.ഖാദര്‍, മൊയ്തിന്‍കുട്ടി, ബഷീര്‍ ചോലക്കുണ്ടം, അബ്ദുള്‍സലാം, ഷറഫുദ്ധീന്‍, പി.കെ.മുഹമ്മദ്, സഹദ് സാമ തുടങ്ങിയവരോടപ്പം അതിന്നായി സിദ്ധീഖ്‌നഗറില്‍ കിണറിനും, ടാങ്ക് നിര്‍മ്മാണത്തിനുമായി സൗജന്യമായി സ്ഥലം കണ്ടെത്തിയെങ്കിലും ഭൂഗര്‍ഭ ജലവകുപ്പിന്റെ പരിശോധനയില്‍ ഇവിടെ വെള്ളം കിട്ടില്ലെന്നു വ്യക്തമായതിനാല്‍ അംഗീകാരം ലഭിക്കാതെ പോയി.
പിന്നെ വളക്കൈ ആനപട്ടത്തും സ്ഥല കണ്ടെത്തിയെങ്കിലും ഫലം നിരാശയായിരുന്നു.
അതോടെ ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും തീരുമാനിച്ച ഈ സംയുക്ത പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.
നാട്ടുകാരുടെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള പുതിയ ആലോചനകളാണ് ചെക്ക്ഡാമെന്ന ആശയത്തിലെത്തിയത്.
ചെക്ക്ഡാമിന്നായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കി.
ഇരിക്കൂര്‍ എം.എല്‍.എ സജീവ് ജോസഫിന് മുന്നിലും വിഷയം അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനനും പ്രശ്‌നത്തിലിടപെട്ടു.
ഇതോടെയാണ് കഴിഞ്ഞ വര്‍ഷം 50 ലക്ഷം രൂപയുടെ പ്രവര്‍ത്തിക്ക് ഭരണാനുമതിയും, സാങ്കേതികാനുമതിയും ലഭിച്ചത്.
ചെക്ക്ഡാമും തോടിന്റെ ഇരുവശങ്ങളിലുമായി 120 മീറ്റര്‍ നീളത്തില്‍ കരിങ്കല്‍ ഭിത്തിയുമാണ് പ്രവൃത്തിയില്‍പ്പെടുന്നത്.
ഇന്നലെ വൈകുന്നേരം ചെക്ക്ഡാമിന് ഷട്ടര്‍ ഇട്ടതോടെ നിര്‍മ്മാണപ്രവൃത്തി പൂര്‍ത്തീകരിച്ചു.
ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തന്നെ ചെക്ക്ഡാം ഉദ്ഘാടനം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തേര്‍ളായി പുഴയില്‍ നിന്നും വളക്കൈ തോടിലെത്തുന്ന ഉപ്പ് വെള്ളം തടയാന്‍ കഴിയുന്നതിന് പുറമെ തോട്ടിലെ ജലനിരപ്പ് ഉയരുന്നതോടുകൂടി കിണറുകളില്‍ വെള്ളം കൂടുന്നു എന്നതും, നൂറ് ഹെക്ടറിലേറെ വരുന്ന സ്ഥലങ്ങളിലെ കാര്‍ഷിക പുരാഗതിക്കും ചെക്ക്ഡാം ഗുണകരമാവും.