പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരായ രാഷ്ട്രീയ നീക്കത്തിന് തിരിച്ചടി; ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല.
കൊച്ചി: പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരായ രാഷ്ട്രീയ നീക്കത്തിന് തിരിച്ചടി; ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല.
സൊസൈറ്റിക്ക് മെഡിക്കല്‍ കോളേജ് അധികൃതര്‍ അനുവദിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂ.ഡി.എഫ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ സ്റ്റേ അനുവദിച്ചില്ല.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
മെഡിക്കല്‍ കോളേജില്‍ സൊസൈറ്റി നടത്തുന്ന നിയമവിരുദ്ധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും ജില്ലാ കലക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യമാണ് അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചത്.
നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ജില്ലാകലക്ടര്‍ക്ക് തോന്നുകയാണെങ്കില്‍ ഉടനെ നിര്‍ത്തിക്കാനാണ് നിര്‍ദ്ദേശം.
പ്രഥമദൃഷ്ട്യാ യാതൊരു നിയമവിരുദ്ധ പ്രവര്‍ത്തനവും കാണാത്തതു കൊണ്ടുതന്നെയാണ് ഹൈക്കോടതി സ്റ്റേ നല്‍കാതിരുന്നത്. ഇതോടെ യു.ഡി.എഫിന്റെ രാഷ്ട്രീയ കുല്‍സിത ശ്രമത്തിന് തിരിച്ചടി നേരിട്ടിരിക്കുകയാണെന്ന് പാംകോസ് ഭാരവാഹികള്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതിയുടെ തീരുമാന പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെയും പൊതു മരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിലുമാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യാപാര ആവശ്യങ്ങള്‍ക്കും മറ്റുമായി കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കി വരുന്നത്.
ഈ നിലയില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സഹകരണസംഘം മറ്റെല്ലാ മെഡിക്കല്‍ കോളേജിലും അനുവദിക്കുന്നതുപോലെ സൊസൈറ്റിക്ക് പ്രവര്‍ത്തന വിപുലീകരണത്തിന് കെട്ടിടം അനുവദിക്കണമെന്ന അപേക്ഷയിലാണ് ആശുപത്രി വികസന സമിതി ഉപയോഗശൂന്യമായ പഴയ കെട്ടിടം അനുവദിച്ചിട്ടുള്ളത്.
പ്രസ്തുത കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ സംഘത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് നിര്‍വഹിക്കേണ്ടതാണെന്നുംതീരുമാനത്തില്‍ ഉണ്ടായിരുന്നു.
എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ഘട്ടത്തില്‍ രാഷ്ട്രീയ പ്രേരിതമായി ഉന്നയിച്ച പരാതിയിന്‍ മേല്‍ ജില്ലാ കളക്ടര്‍ പ്രസ്തുത വിഷയത്തില്‍ കൂടുതല്‍ പരിശോധന നടത്തിയ ശേഷം മാത്രമേ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുകയുള്ളൂ എന്ന കാര്യം നേരത്തെ അറിയിച്ചിട്ടുള്ളതാണ്.
നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ സ്ഥാപനം എന്ന നിലയില്‍ യാതൊരുവിധത്തിലുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ കോളജിനകത്ത് സൊസൈറ്റി നടത്തിയിട്ടില്ല.
ആശുപത്രി വികസന സമിതി അംഗമെന്ന നിലയില്‍ പരാതിക്കാരന്‍ ഉള്‍പ്പെടെ പങ്കെടുത്ത ആശുപത്രി വികസന സമിതി യോഗത്തിലാണ് സൊസൈറ്റിക്ക് പ്രവര്‍ത്തനത്തിന് സൗകര്യം ഉണ്ടാകുന്നതിന് പ്രസ്തുത കെട്ടിടം അനുവദിച്ചിട്ടുണ്ടായിരുന്നത്.
എന്നാല്‍ ഈ വസ്തുതയെല്ലാം മറച്ചുവെച്ചുകൊണ്ട് തികച്ചും രാഷ്ട്രീയ പ്രേരിതമായി പരാതികള്‍ കൊടുക്കുകയും രാഷ്ട്രീയ സംവിധാനത്തെ ഉപയോഗിച്ചുകൊണ്ട് തെറ്റായ പ്രചരണങ്ങള്‍ കെട്ടഴിച്ചുവിടുകയും ചെയ്യുകയാണ് ഉണ്ടായത്.
കൂടാതെ പരാതിക്കാരന്റെ അന്യായത്തിന്മേല്‍ സര്‍ക്കാരിന്റെയും മെഡിക്കല്‍ കോളേജിന്റെയും സഹകരണ സംഘത്തിന്റെ യും വാദം കേള്‍ക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 7 ലേക്ക് കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
നിയമവ്യവസ്ഥയെയും നീതിന്യായ വ്യവസ്ഥയെയും തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത അടിയന്തരമായും ഇത്തരക്കാര്‍ അവസാനിപ്പിക്കണമെന്നും രാഷ്ട്രീയപ്രേരിതമായി വസ്തുതാ വിരുദ്ധമായ പ്രചരണങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നത് ശരിയായ കാര്യമല്ലെന്ന് മനസ്സിലാക്കണമെന്നും പാ കോംസ് അധികൃതര്‍ അറിയിച്ചു.
മെഡിക്കല്‍ കോളേജിനകത്ത് ഇതേ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനരീതിയും അതോടൊപ്പം തന്നെ അവര്‍ക്കെതിരെയെല്ലാം ആശുപത്രി വികസന സമിതി കൈക്കൊണ്ട തീരുമാനങ്ങളും ഇത്തരക്കാരുടെ ശ്രദ്ധയില്‍ ഉണ്ടാകേണ്ടകാര്യമാണെന്നും അല്ലാതെ അത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെ പ്രശ്‌നങ്ങള്‍ വഴിതിരിച്ചുവിട്ട് ജീവനക്കാരുടെ ഏക സൊസൈറ്റിയെ തകര്‍ക്കാനുള്ള രാഷ്ട്രീയ പ്രേരിത ഗൂഢാലോചന തിരിച്ചറിയണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ സഹകരണ സ്ഥാപനം എന്ന നിലയില്‍ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ തകര്‍ക്കുന്നതിനുള്ള ഗൂഢാലോചന തിരിച്ചറിയണമെന്നും സംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.