പെട്ടിക്കട തീവെപ്പ്-പരാതിനല്‍കിയിട്ടും കേസെടുക്കാതെ പോലീസ്

പരിയാരം: പരിയാരത്ത് പെട്ടിക്കട കത്തിച്ച സംഭവം. പ്രതിയെ ചൂണ്ടിക്കാണിച്ച് കൊടുത്തിട്ടും കേസെടുത്തില്ലെന്ന് പരാതിക്കാരന്‍.

സര്‍ക്കാര്‍ ഭൂമി കയ്യേറി പെട്ടിക്കട വെച്ചതിന് നിന്റെ പേരിലാണ് കേസെടുക്കേണ്ടതെന്നും പോലീസ് പരാതിക്കാരനോട് പറഞ്ഞതായി ആരോപണം.

ഇന്നലെ പുലര്‍ച്ചെ 12.30 നാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം പെട്ടിക്കട നടത്തുന്ന കടന്നപ്പള്ളിയിലെ രാമചന്ദ്രന്റെ പെട്ടിക്കടക്ക് സമൂഹവിരുദ്ധര്‍ തീവെച്ചത്.

പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്.

ഏകദേശം 20,000 രൂപയോളം നഷ്ടമുണ്ടായതായി കാണിച്ച് രാമചന്ദ്രന്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതേവരെ കേസെടുത്തിട്ടില്ല.

സര്‍ക്കാര്‍ ഭൂമിയിലാണ് അനുമതിയില്ലാതെ പെട്ടിക്കട സ്ഥാപിച്ചതെന്നും അതിനാല്‍ കേസെടുക്കാനാവില്ലെന്ന വിചിത്രമായ മറുപടിയാണ് പോലീസ് പറഞ്ഞതെന്ന് രാമചന്ദ്രന്‍ പറഞ്ഞു.

പ്രതിയായ വ്യക്തിയുടെ പേരുള്‍പ്പെടെ കൊടുത്തിട്ടും കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നുമാണ് പരിയാരം എസ്.ഐ പറയുന്നത്.

സമൂഹവിരുദ്ധ പ്രവര്‍ത്തനമായ തീവെപ്പിന് പോലീസിന് സ്വമേധയാ തന്നെ കേസെടുക്കാമെന്നിരിക്കെയാണ് വിചിത്രമായ വാദം പോലീസ് മുന്നോട്ടുവെക്കുന്നത്.

കഴിഞ്ഞ 5 മാസത്തിലേറെയായി എസ്.എച്ച്.ഒ ഇല്ലാത്ത പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ കുഴഞ്ഞുമറിഞ്ഞ നിലയിലാണെന്ന് ആരോപണമുയരുമ്പോഴാണ് ഇത്തരം തീരുമാനങ്ങളെടുത്ത് പോലീസ് ജനമധ്യത്തില്‍ മോശക്കാരായി മാറുന്നതെന്ന ആരോപണം ശക്തിപ്പെടുകയാണ്.

മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് തകര്‍ത്ത സംഭവത്തിലുള്‍പ്പെടെ നിരവധി പ്രമാദമായ കേസുകളില്‍ പരിയാരം പോലീസ് യാതൊരുവിധ അന്വേഷണവും നടത്തുന്നില്ലെന്ന ആരോപണങ്ങളും ശക്തിപ്പെട്ടുവരികയാണ്.