മെഡിക്കല്‍ കോളേജിന് സമീപം പെട്ടിക്കട ശല്യം, മഴവെള്ള സംഭരണിക്ക് സമീപം മദ്യം ഒളിച്ചുവെക്കുന്നതായി പരാതി.

പരിയാരം: മെഡിക്കല്‍ കോളേജിലേക്കുള്ള വഴിയില്‍ രോഗികള്‍ക്ക് ദുരിതമായി പെട്ടിക്കടകള്‍.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്താണ് പെട്ടിക്കടകള്‍ രോഗികളുടെയും ബന്ധുക്കളുടെയും നടപ്പാതയില്‍ ദുരിതമായി മാറിയത്.

മഴവെള്ള സംഭരണിയിലും പരിസരത്തെ കുറ്റിക്കാടുകളിലും വന്‍തോതില്‍ മദ്യം സംഭരിച്ച് വില്‍ക്കുന്നതായും പരാതി.

മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ ബസിറങ്ങി ആളുകള്‍ നടന്നുപോകുന്ന വഴിയില്‍ ഇപ്പോള്‍ ആറുവരിപ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരികയാണ്.

നേരത്തെ പെട്ടിക്കടകള്‍ ഉണ്ടായിരുന്ന ഭാഗത്ത് നിന്നും റോഡ് നിര്‍മ്മാണത്തേതുടര്‍ന്ന് കടകള്‍ മാറ്റിയതോടെയാണ് കാല്‍നടക്കാരുടെ വഴിയില്‍ തടസമായി മാറിയത്.

ഈ ഭാഗത്ത് പെട്ടിക്കടകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ പേരില്‍ കട നടത്തിപ്പുകാര്‍ തമ്മില്‍ വാക്കേറ്റവും സംഘട്ടനവും പതിവായിരിക്കുകയുമാണ്.

കഴിഞ്ഞ ദിവസം ഒരു കട തീവെക്കുകയും മറ്റൊരെണ്ണം അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുമില്ല. ഈ ഭാഗത്ത് മെഡിക്കല്‍ കോളേജിന്റെ അധീനതയിലുള്ള സ്ഥലം കയ്യേറിയാണ് പെട്ടിക്കടകളും മറ്റ് നിര്‍മ്മാണ പ്രവൃത്തികളും നടത്തിയിട്ടുള്ളത്.

ഈ കയ്യേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ചില പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പ്പനയും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്‍പ്പനയും നടക്കുന്നുണ്ടെന്ന പരാതിയും വ്യാപകമാണ്.

ഉപയോഗശൂന്യമായ മഴവെള്ള സംഭരണിക്ക് സമീപം മദ്യം ഒളിച്ചുവെച്ച് വില്‍പ്പന നടത്തുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.