തളിപ്പറമ്പ്: കേരളാ വഖഫ് ബോര്‍ഡ് ഒരിക്കല്‍ പുറത്തിറക്കിയ ഉത്തരവ് തിരുത്തി വീണ്ടും ഇറക്കുന്ന അപൂര്‍വ്വ നടപടിക്ക് തളിപ്പറമ്പ് സാക്ഷിയായി.
ഒറ്റക്ക് പോരാട്ടം നടത്തിയ പി.കെ.സുബൈറിന് അവസാനം രാജകീയ വിജയം.
മുസ്ലിം ലീഗ് നേതാവ് പി കെ സുബൈറിനെ തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മാനേജര്‍ സ്ഥാനത്ത് നിന്ന് നീക്കുകയും ജമാഅത്ത് ട്രസ്റ്റിന് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുകയും
ചെയ്ത കേരള വഖഫ് ബോര്‍ഡിന്റെ നടപടി ഹൈക്കോടതി റദ്ദ് ചെയ്യുകയും സുബൈറിനെ കേട്ടുകൊണ്ട് മാത്രമേ തുടര്‍ നടപടി സ്വീകരിക്കാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ അപൂര്‍വ്വ നടപടി.
വിഷയം വീണ്ടും പരിഗണിച്ച കേരള വകുപ്പ് ബോര്‍ഡ് സുബൈറിനെ നീക്കിയ നേരത്തെയുള്ള തെറ്റ് തിരുത്തി അദ്ദേഹത്തെ മാനേജര്‍ സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ടുതന്നെ എക്‌സിക്യൂട്ടീവ് ഓഫീസറെ നിയോഗിച്ചു കൊണ്ട് വീണ്ടും ഉത്തരവായി.
തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റി കമ്മിറ്റിക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചുകൊണ്ടും ട്രസ്റ്റിന്റെ കീഴിലുള്ള സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും റോയല്‍ ഇംഗ്ലീഷ് സ്‌കൂളിന്റെയും
മാനേജര്‍ ആന്റ് കറസ്‌പോണ്ടന്റ് ചുമതല നല്‍കുകയും ചെയ്ത് കൊണ്ടും കേരള വഖഫ് ബോര്‍ഡ് നേരത്തെ ഓര്‍ഡര്‍ ഇറക്കുകയും നിയോഗിക്കപ്പെട്ട എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷംസുദ്ദീന്‍ ചാര്‍ജെടുക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെയാണ് പി.കെ. സുബൈര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേരള വഖ്ഫ് ബോര്‍ഡ് തന്നെ നീക്കുന്നതിന് മുമ്പ് തന്റെ വാദം അവതരിപ്പിക്കുവാന്‍ അവസരം നല്‍കിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് സുബൈര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സുബൈറിന്റെ വാദം കേട്ട ഹൈക്കോടതി കേരള വഖ്ഫ് ബോര്‍ഡിന്റെ നടപടി സാമാന്യ നീതി നിഷേധമാണെന്ന് കണ്ടെത്തി വിധി സ്‌റ്റേ ചെയ്തു.
സ്‌റ്റേ നീക്കണമെന്ന് പറഞ്ഞുകൊണ്ട് വീണ്ടും തളിപ്പറമ്പ് സംരക്ഷണ സമിതി ചെയര്‍മാന്‍ അബ്ദുല്‍ കരീം ഹൈക്കോടതിയെ സമീപിച്ചെങ്കിലും മറ്റൊരു ആക്ഷേപവും
ഇല്ലാതെ കെയര്‍ ടേക്കര്‍ മാനേജര്‍ ആയി തുടരുന്നു എന്ന് ഒറ്റ കാരണത്താല്‍ അദ്ദേഹത്തെ മാറ്റാന്‍ കഴിയില്ല എന്ന് പറഞ്ഞു കൊണ്ട് ഹൈക്കോടതി ഓര്‍ഡര്‍ തന്നെ റദ്ദ് ചെയ്യുകയായിരുന്നു.
ഹൈക്കോടതി നിര്‍ദ്ദേശം മാനിച്ച് സുബൈറിന് തന്റെ വാദം അവതരിപ്പിക്കുന്നതിന് വഖഫ് വഖഫ് ബോര്‍ഡ് അവസരം നല്‍കുകയും പരാതിക്കാരന്റെ എല്ലാ ആക്ഷേപങ്ങള്‍ക്കും അക്കമിട്ട് സുബൈര്‍ എതിര്‍വാദം അവതരിപ്പിക്കുകയും ചെയ്തു.
ഭരണസമിതിയില്‍ 18 പേരുണ്ടായിട്ടും പരാതിക്കാരന്‍ എന്റെ പിന്നാലെ മാത്രം നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കാരണമാണെന്നും വഖഫ് ബോര്‍ഡ് നടത്തിയ ഒരു അന്വേഷണത്തിലും എനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നുമുള്ള വാദമാണ് സുബൈര്‍ പ്രധാനമായും ഉയര്‍ത്തിയത്
സുബൈറിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാനേജര്‍ സ്ഥാനത്തുനിന്ന് നീക്കിയ നടപടി തിരുത്തി പുതിയ ഉത്തരവ് പുറത്തിറക്കിയത്.