പ്രകൃതിവിരുദ്ധ പീഡനം-പച്ചക്കറികച്ചവടക്കാരന് 9 വര്‍ഷം കഠിനതടവും 85,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: 13 കാരനായ വിദ്യാര്‍ത്ഥിയെ കാറില്‍ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പച്ചക്കറി കച്ചവടക്കാരന് 9 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ.

ശ്രീകണ്ഠാപുരം അടുക്കം കമ്യൂണിറ്റിഹാളിന് സമീപമുള്ള അയ്യരകത്ത് പുതിയപുരയില്‍ എ.പി.അയൂബ് എന്ന അഷറഫിനെയാണ് (42) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2018 ഫിബ്രവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ശ്രീകണ്ഠാപുരം മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടം നടത്തുന്ന പ്രതി കുട്ടിയെയും സുഹൃത്തിനേയും പ്രലോഭിപ്പിച്ച് കാറില്‍ കടത്തിക്കൊണ്ടുപോയി ബന്ധുവിന്റെ വീട്ടില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാണ് പരാതി.

ഇന്നത്തെ ശ്രീകണ്ഠാപുരം എസ്.ഐ ഇ.നാരായണനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എസ്.എച്ച്.ഒ വി.വി.ലതീഷാണ് അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. നാല് വകുപ്പുകളിലാണ് 9 വര്‍ഷം ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.