പൊന്‍മുട്ടയിടുന്ന താറാവ്-@35.

നല്ല സിനിമകള്‍ നിര്‍മ്മിക്കണമെന്ന താല്‍പര്യത്തോടെ ചലച്ചിത്രരംഗത്ത് വന്ന വ്യക്തിത്വമാണ് ബി.ശശികുമാര്‍.

ഗുരുവായൂര്‍ സ്വദേശിയായ ഇദ്ദേഹം പ്രമുഖ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ ബാലകൃഷ്ണ ട്രാന്‍സ്‌പോര്‍ട്ട് ഉടമയും തിയേറ്റര്‍ ഉടമയുമാണ്.

1988 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത എം.ടി.രചിച്ച ആരണ്യകം ആണ് ആദ്യത്തെ സിനിമ.

അതേ വര്‍ഷം തന്നെ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പൊന്‍മുട്ടയിടുന്ന താറാവ്, 89 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത മുദ്ര, 90 ല്‍ സിബിയുടെ തന്നെ പരമ്പര, സത്യന്‍ അന്തിക്കാടിന്റെ തലയണമന്ത്രം, 92 ല്‍ വിജി തമ്പി സംവിധാനം ചെയ്ത തിരുത്തല്‍വാദി, 93 ല്‍ സത്യന്‍ അന്തിക്കാടിന്റെ ഗോളാന്തര വാര്‍ത്ത, 94 ല്‍ നടന്‍ പി.ശ്രീകുമാര്‍ സംവിധാനം ചെയ്ത വിഷ്ണു.

കഴിഞ്ഞ 29 വര്‍ഷമായി മുദ്ര ആര്‍ട്‌സ് എന്ന പേരിലുള്ള ബാനറില്‍ അദ്ദേഹം സിനിമ നിര്‍മ്മിച്ചിട്ടില്ല.

വലിയ ബജറ്റില്‍ നിര്‍മ്മിച്ച വിഷ്ണുവിന്റെ പരാജയം ഇതിനൊരു കാരണമായിരിക്കാം.

പൊന്‍മുട്ടയിടുന്ന താറാവ്(1988-ഡിസംബര്‍-28)

ഇന്നേക്ക് 35 വര്‍ഷം മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്. ആദ്യം പൊന്‍മുട്ടയിടുന്ന തട്ടാന്‍ എന്ന പേരില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ പേര് റിലീസിന് തൊട്ടുമുമ്പാണ് പൊന്‍മുട്ടയിടുന്ന താറാവ് എന്ന് മാറ്റിയത്. രഘുനാഥ് പലേരിയാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചത്. വിപിന്‍ മോഹന്‍ ക്യാമറയും കെ.രാജഗേപാല്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. മുദ്ര പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ സിനിമ നിര്‍മ്മിച്ചത് ബി.ശശികുമാര്‍.

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും തന്നിലേയ്ക്ക് നോക്കി ആത്മവിമര്‍ശനം നടത്താനും പ്രേരിപ്പിക്കുന്ന പഴയകാല സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലൊന്നാണ് പൊന്മുട്ടയിടുന്ന താറാവ്. മലയാളികളുടെ സ്വര്‍ണ്ണഭ്രമം, ഗള്‍ഫ് പ്രേമം, സ്വന്തം കാര്യം സാധിക്കാന്‍ ഉറ്റവരെ തള്ളിപ്പറയല്‍ തുടങ്ങിയ പച്ച യാഥാര്‍ഥ്യങ്ങളുള്ള ചിത്രത്തില്‍ ശ്രീനിവാസനാണ് നായകന്‍. ജയറാം, ഉര്‍വ്വശി, ഇന്നസെന്റ്, ശാരി, പാര്‍വ്വതി, ജഗതി, ശങ്കരാടി, കരമന, കെ.പി.എ.സി.ലളിത, കൃഷ്ണന്‍കുട്ടി നായര്‍ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍.

ഉര്‍വ്വശിയെ ഇഷ്ടപ്പെടുന്ന തട്ടാന്‍ ആയിരുന്നു ശ്രീനിവാസന്റെ വേഷം. ഉര്‍വ്വശിയുടെ അച്ഛന്‍ വേഷം ചെയ്ത ഇന്നസെന്റ് ആ ബന്ധം സമ്മതിക്കുന്നില്ല. എങ്കിലും ഒരു സ്വര്‍ണ നെക്ലേസ് സമ്മാനമായി നായകനില്‍ നിന്ന് വാങ്ങുകയാണ് നായിക. അച്ഛന്‍ അതില്‍ പ്രീതനായില്ലെന്ന് മാത്രമല്ല, നെക്ലേസ് കൈക്കലാക്കുകയും ജയറാം അവതരിപ്പിച്ച ഗള്‍ഫ്കാരനെക്കൊണ്ട് മകളെ കെട്ടിക്കുകയും ചെയ്തു. വിധി തിരിഞ്ഞു കളിക്കുമല്ലോ. ജയറാമും ഒപ്പം നാട്ടുകാരും, ആ സ്വര്‍ണ നെക്ലേസിന്റെ പരമാര്‍ത്ഥം അറിയുന്നതാണ് ശിഷ്ട കഥ. ഒഎന്‍വി-ജോണ്‍സണ്‍ ടീമിന്റെതാണ് ഗാനങ്ങള്‍.

ഗാനങ്ങള്‍-
1-കുന്നിമണിച്ചെപ്പു തുറന്നെന്നെനോക്കും നേരം-ചിത്ര.
2-തീയിലുരുക്കി തൃത്തകിടാക്കി-യേശുദാസ്.