രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം ശബരിമല ദര്‍ശനത്തിന് എത്തിയേക്കും.

തിരുവനന്തപുരം: ശബരിമല അയ്യപ്പസ്വാമി ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം എത്തിയേക്കും.

ഇടവമാസ പൂജയ്ക്ക് രാഷ്ട്രപതി എത്തിയേക്കുമെന്നു പോലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും അനൗദ്യോഗികമായി അറിയിപ്പ് ലഭിച്ചു.

സന്നിധാനത്ത് ദര്‍ശനം നടത്തുന്ന ആദ്യ രാഷ്ട്രപതിയാകും മുര്‍മു.

ഈ മാസം 18, 19 തിയതികളിലൊന്നില്‍ എത്തിയേക്കുമെന്നാണു സൂചന.

ഇതു കാരണം വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ അടക്കം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

രാഷ്ട്രപതി വരുന്ന ദിവസം ശബരിമലയില്‍ വലിയ നിയന്ത്രണങ്ങളുണ്ടാകും.

ഇടവമാസ പൂജയ്ക്കായി മേയ് 14 മുതല്‍ 19 വരെ നടതുറന്നിരിക്കും. അവസാന ദിവസങ്ങളില്‍ വലിയ തീര്‍ഥാടകത്തിരക്ക് അനുഭവപ്പെടാറില്ല.

ഇതു കൂടി പരിഗണിച്ചാണ് 18, 19 തിയതികള്‍ പരിഗണിക്കുന്നത്.

ഈ സീസണില്‍ അയ്യപ്പ ഭക്തര്‍ക്ക് മന്ത്രി വി.എന്‍. വാസവന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെയും നേതൃത്വത്തില്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മീനമാസ പൂജ കഴിഞ്ഞ് മാര്‍ച്ചില്‍ പോലീസ് ക്രമീകരണ ങ്ങള്‍ പരിശോധിച്ചിരുന്നു.

സുരക്ഷാ, താമസ കാര്യങ്ങളാണ് പരിശോധിച്ചത്.

അഡ്മമിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ താമസസൗകര്യവും മറ്റുമാണ് അന്വേഷിച്ചത്.

പത്തനംതിട്ട ജില്ലാ കലക്ടറും വിവരങ്ങള്‍ തേടിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചു.

പമ്പയില്‍നിന്ന് സന്നിധാനം വരെ നടന്നുകയറുമ്പോഴുള്ള ക്രമീകരണങ്ങള്‍ രാഷ്ട്രപതിയുടെ നഴ്സിങ് സൂപ്രണ്ട് തേടിയിരുന്നു.

നിലയ്ക്കല്‍ വരെ ഹെലികോപറില്‍ എത്തിയശേഷം പമ്പയില്‍നിന്ന് നടന്ന് സന്നിധാനത്തേക്ക് എത്തുന്ന തരത്തിലാവും ദര്‍ശനം ക്രമീകരിക്കുക.

രാഷ്ട്രപതി, പ്രധാനമന്ത്രി തലത്തിലുള്ള വി.വി.ഐ.പികള്‍ ഇതുവരെ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിട്ടില്ല.

ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയില്‍ സുരക്ഷ ഒരുക്കുക അസാധ്യമെന്ന വിലയിരുത്തലുകളായിരുന്നു ഇതിന് കാരണം.