ആഡംബരകാറില്‍ കഞ്ചാവുമായി ഉല്ലാസയാത്ര- കുറ്റിക്കോല്‍ സ്വദേശി ഷിന്‍സിതയും അഞ്ചാംപീടിക ഫസലും പിടിയില്‍

വെള്ളമുണ്ട: ആഡംബരക്കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍.

കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ കെ.ഫസല്‍ (24) തളിപ്പറമ്പ് കുറ്റിക്കോലിലെ സുഗീതം വീട്ടില്‍ സുരേഷ്ബാബുവിന്റെ മകള്‍ കെ.ഷിന്‍സിത (23) എന്നിവരെയാണ് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി വെള്ളമുണ്ട എസ്.ഐ ടി.കെ.മിനിമോള്‍ പിടികൂടിയത്.

മൊതക്കര ചെമ്പ്രത്താംപൊയിലില്‍ ഉന്നതി ജംഗ്ഷനില്‍ രണ്ടാം തീയതി ഉച്ചക്ക് 1.15 ന് എസ്.ഐയുടെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് കെ.എ-02 എം.ആര്‍ 4646 ബി.എം.ഡബ്യു കാറില്‍ വാരാമ്പറ്റ ഭാഗത്തുനിന്നും എട്ടേനാല്‍ ഭാഗത്തേക്ക് വന്ന കാര്‍ പരിശോധിച്ചത്.

കാറോടിച്ച ഫസലിന്റെ സംസാരത്തില്‍ സംശയംതോന്നിയാണ് പോലീസ് കൂടുതല്‍ പരിശോധന നടത്തിയത്.

96,290 രൂപ, കഞ്ചാവ് പൊതിയാനുപയോഗിക്കുന്ന പേപ്പര്‍ റോള്‍, രണ്ട് ഐ ഫോണുകള്‍, ഒരു റിയല്‍മീ ഫോണ്‍  എന്നിവയും
പിടിച്ചെടുത്തു.

കാറിന്റെ ഡിക്കിയില്‍ രണ്ട് കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായി ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നല്‍കിയ മൊഴി.

എസ്.ഐ ടി.കെ.സാദിര്‍, എ.എസ്.ഐ സിഡിയ ഐസക്ക്, സി.പി.എ സുവാസ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.