മെഡിക്കല്‍ കോളേജിന്റെ കെട്ടിടം സി.പി.എം സ്ഥാപനത്തിന്-പ്രതിഷേധം ശക്തം.

പരിയാരം: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിനകത്തെ കെട്ടിടങ്ങളില്‍ വ്യാപകമായി കയ്യേറ്റം നടക്കുന്നതായി എച്ച്.ഡി.എസ് അംഗം അഡ്വ.രാജീവന്‍ കപ്പച്ചേരി പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പാംകോസ് എന്ന സി.പി.എം നിയന്ത്രിത സഹകരണ സ്ഥാപനത്തിന് കാന്റീന്‍ നടത്താന്‍ മുന്‍ ഭരണ സമിതി അംഗീകാരം നല്‍കിയതിന്റെ പേരില്‍ കാമ്പസിനകത്തെ പല സ്ഥലങ്ങളും കെട്ടിടങ്ങളും കയ്യേറി ഏഴിടങ്ങളിലായി പാംകോസിന്റെ വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി രാജീവന്‍ കപ്പച്ചേരി പറഞ്ഞു.

ഇപ്പോള്‍ 1960 ല്‍ കേരള ഗാന്ധി കെ.കേളപ്പന്‍ നിര്‍മ്മിച്ച് തുറന്നുകൊടുത്ത ചാച്ചാജി വാര്‍ഡ് എന്ന ചരിത്രമുറങ്ങുന്ന കെട്ടിടം മൊത്തമായി എച്ച്.ഡി.എസിന്റെയോ അതിന്റെ ചെയര്‍മാനായ കലക്ടറുടേയോ അനുമതിയില്ലാതെ സഹകരണ ബാങ്കായി മാറ്റിക്കൊണ്ടിരിക്കയാണ്.

സര്‍ക്കാര്‍ ഏറ്റെടുക്കപ്പെട്ട സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാരിന്റെയോ ആരോഗ്യ വകുപ്പിന്റെയോ അംഗീകാരമോ അനുമതിയോ ഇല്ലാതെ പാംകോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വമേധയാ മൊത്തം പൊളിച്ച് പ്രസ്തുത സ്ഥാപനത്തിന്റെതുള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് പുതുക്കി പണിത് ബാങ്കിനായി ഉപയോഗിക്കുവാനായി ത്വരിതഗതിയില്‍ രാപ്പകല്‍ പണി നടക്കുകയാണ്.

മെഡിക്കല്‍ കോളേജിലെ എഞ്ചിനീയറിംഗ് വിഭാഗമോ പി.ഡബ്ലു.ഡിയോ അറിയാതെയാണ് ഇതൊക്കെ നടക്കുന്നത്. നേരത്തെ പ്രിസണേഴ്‌സ് വാര്‍ഡിനായി പരിഗണിച്ച കെട്ടിടമാണിത്.

മരുന്ന്‌സൂക്ഷിക്കാന്‍ പോലും സൗകര്യമില്ലാത്ത മെഡിക്കല്‍ കോളേജില്‍ തികച്ചും രാഷ്ട്രീയ ലാക്കോടെ സ്ഥാപനം നടത്താന്‍ വേണ്ടി അനധികൃതമായി വിട്ട് കൊടുക്കാനുള്ള നീക്കം പുന:പരിശോധിക്കാനും നിര്‍മ്മാണം തടയാനുമുള്ള നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രാജീവന്‍ കപ്പച്ചേരി പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി കെ.കരുണാകരന്റെയും സുധാകരന്റെയും രാഘവന്റെയും തറവാട്ട് സ്വത്താക്കുകയാണെന്നാരോപിച്ച് സമരം ചെയ്ത സി.പി.എം ഇപ്പോള്‍ മെഡിക്കല്‍ കോളേജിന്റെ സ്ഥലം മുഴുവന്‍ കയ്യേറുന്ന നിലയിലാണെന്നും രാജീവന്‍ കപ്പച്ചേരി പറഞ്ഞു.

മാടായി മണ്ഡലം പ്രസിഡന്റ് വി.രാജന്‍, കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു