മലയാള സിനിമയുടെ ഗൃഹലക്ഷ്മിയായി തിളങ്ങിയ 22 സിനിമകള്‍-സിനിമാ ചരിത്രത്തില്‍ ഇടം നേടി പി.വി.ഗംഗാധരന്‍

 

 

കരിമ്പം.കെ.പി.രാജീവന്‍.

മലയാള സിനിമക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത എണ്ണം പറഞ്ഞ 22 സിനിമകള്‍ സംഭാവന ചെയ്ത വ്യക്തിത്വമാണ് ഇന്ന് രാവിലെ മരണപ്പെട്ട പി.വി.ഗംഗാധരന്‍.

അദ്ദേഹത്തിന്റെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച സിനിമകളെ മാറ്റിവെച്ച് മലയാള സിനിമയുടെചരിത്രം രചിക്കാനാവില്ല.

1971 ല്‍ കോഴിക്കോട് റോട്ടറി ക്ലബ്ബിലെ സുഹൃത്തുക്കളുമായി ചേര്‍ന്ന് സംഗമം എന്ന സിനിമ നിര്‍മ്മിച്ചു സഹൃദയാ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് ഹരിഹരനാണ്.

പിന്നീട് 1977 ല്‍ കെ.ടി.മുഹമ്മദിന്റെ തിരക്കഥയില്‍ സൂജാത എന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തോടെയായിരുന്നു ഗൃഹലംക്ഷ്മിയുടെ തുടക്കം.

രവീന്ദ്ര ജയില്‍ എന്ന വിഖ്യാത സംഗീത സംവിധായകനെ മലയാളത്തിന് പരിചയപ്പെടുത്തിയ സുജാതയിലാണ് ഹിന്ദി ഗായികമാരായ ആശാബോസ്‌ളേയും ഹേമലതയും ആദ്യമായി പാടിയത്.

സുജാതയിലെ പാട്ടുകള്‍ ഇപ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ തന്നെയാണ്. കോഴിക്കോടുകാരനായ ഐ.വി.ശശിക്ക് ഏറ്റവും നല്ല അവസരങ്ങള്‍ നല്‍കിയതും ഗൃഹലക്ഷ്മിതന്നെയാണ്.

ഏകലവ്യന്റെ പാപത്തിന്‍ ശമ്പളം എന്ന നോവല്‍ മനസാ വാചാ കര്‍മ്മണാ എന്ന പേരില്‍ 1979 ല്‍ ഐ.വിശശിയെ സംവിധായനാക്കി നിര്‍മ്മിച്ച ഗംഗാധരന്‍ ഇതിന്റെ വന്‍ വിജയത്തിന് ശേഷമാണ് മലയാള സിനിമയുടെ വഴി തിരിച്ചുവിട്ട അങ്ങാടി 1980 ല്‍ നിര്‍മ്മിച്ചത്.

ആള്‍ക്കൂട്ടത്തിന്റെ സിനിമയായി മാറിയ ഐ.വി.ശശിയുടെ അഹിംസ(1982), ബാലചന്ദ്രമേനോന്റെ സംവിധാനത്തില്‍ 1892 ല്‍ തന്നെ ചിരിയോ ചിരി, 83 ല്‍ ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്, 84 ല്‍ തിക്കോടിയന്റെ മൃത്യുഞ്ജയം എന്ന നാടകം ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന പേരില്‍ ഭരതന്റെ സംവിധാനത്തില്‍ തന്നെ പുറത്തിറക്കി.

85 ല്‍ ഭരതന്‍-പത്മരാജന്‍ ടീമിന്റെ ഒഴിവുകാലം, 86 ല്‍ ഐ.വി.ശശിയുടെ വാര്‍ത്ത, 1989 ല്‍ വടക്കന്‍ പാട്ട് ചരിത്രത്തിന് പുതിയ രൂപവും ഭാവവും നല്‍കിയ എം.ടി-ഹരിഹരന്‍ ടീമിന്റെ ചിത്രം ഒരു വടക്കന്‍ വീരഗാഥ, 1991 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നുംനന്‍മകള്‍, 92 ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ അദ്വൈതം, 93 ല്‍ ഷാജികൈലാസ്-സുരേഷ്‌ഗോപി ടീമിന്റെ ഏകലവ്യന്‍, 96 ല്‍ സത്യന്‍ അന്തിക്കാട്-ലോഹിതദാസ് കൂട്ടുകെട്ടിന്റെ തൂവല്‍കൊട്ടാരം, 96 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കാണാക്കിനാവ്, 1996 ല്‍ എം.ടിയുടെ തിരക്കഥയില്‍ എന്ന് സ്വന്തം ജാനകിക്കുട്ടി, 1999ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍, 2000ല്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അതേ വര്‍ഷം തന്നെ ഐ.എം.വിജയനെ നായകനാക്കിയുള്ള ജയരാജ് ചിത്രം ശാന്തം, 2005 ല്‍ അച്ചുവിന്റെ അമ്മ, 2006 ല്‍ വി.എം.വിനുവിന്റെ യെസ് യുവര്‍ ഓണര്‍, 2006 ല്‍ തന്നെ ് റോഷന്‍ ആന്‍ഡ്ര്ൂസിന്‍െ ആദ്യസിനിമ നോട്ട് ബുക്ക് എന്നിവയാണ് പി.വി.ഗംഗാധരന്‍ നിര്‍മ്മിച്ച സിനിമകള്‍.

കഴിഞ്ഞ 17 വര്‍ഷമായി പി.വി.ഗംഗാധരന്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ്.

സിനിമയില്‍ പണം മുടക്കുന്ന നിമ്മാതാവിന്റെ സ്ഥാനം അപ്രസക്തമായതോടെയാണ് നിര്‍മ്മാണ രംഗത്തുനിന്നും അദ്ദേഹം മാറിനിന്നത്.

അടുത്തകാലത്ത് എസ്‌ക്യൂബ് സിനിമാസ് എന്ന ബാനറില്‍ അദ്ദേഹത്തിന്റെ മക്കള്‍ നിര്‍മ്മാണ രംഗത്ത് വന്നിരുന്നു.

ഉയരേ, ജാനകീ ജാനേ എന്നീ സിനിമകള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ മക്കളാണ് നിര്‍മ്മിച്ചത്.

22 സിനിമകളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മലയാള സിനിമയുടെ ചരിത്രവുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്നു എന്നതാണ് പി.വി.ഗംഗാധരനെ സിനിമാരംഗത്ത് പ്രസക്തനായ വ്യക്തിത്വമാക്കി മാറ്റുന്നത്.

ജീവിതരേഖ-

1945 ആഗസ്റ്റ് 8-ന് പി.വി.സ്വാമിയുടേയും മാധവിയുടേയും മകനായി ജനിച്ച പി.വി.ഗംഗാധരന്‍ ആഴ്ചവട്ടം സ്‌ക്കൂളിലും ചാലപ്പുറം ഗണപതി ഹൈസ്‌ക്കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മദ്രാസിലെ ഒരു സ്വകാര്യ കോളേജില്‍  ആട്ടോമൊബൈല്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റില്‍ ഡിപ്ലോമ നേടി.

സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നേതൃസ്ഥാനത്തെത്തിയ പി വി ജി എട്ടാം ക്ലാസ്സ് മുതല്‍ ക്ലാസ് ലീഡറായിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌ക്കൂള്‍ ലീഡറായി.

1961-ല്‍ ചൈന ഇന്ത്യാ ആക്രമണ കാലത്ത് യുദ്ധത്തിനെതിരായി മലബാറിലെ ചാലയില്‍ നടന്ന കുട്ടികളുടെ പ്രകടനം നയിച്ചത് പി.വി.ജിയാണ്. 1965-ല്‍ മദ്രാസില്‍ നിന്ന് മടങ്ങിവന്ന ശേഷം ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനി തുടങ്ങി.

കേരളാ റോഡ് ലൈന്‍സ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി എന്നായിരുന്നു പേര്. പിന്നീട് പിതാവ് പി.വി.സാമി-സഹോദരന്‍ പി.വി.ചന്ദ്രന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെ ടി സി യില്‍ പങ്കാളിയായി.

1971-ലാണ് പി വി ജി സിനിമ രംഗത്തെത്തിയതത. പി വി ജിയും റോട്ടറി ക്ലബ്ബിലെ സുഹൃത്തുക്കളും ചേര്‍ന്ന് സഹൃദയാ ഫിലിംസ് എന്ന പേരില്‍ ഒരു നിര്‍മ്മാണക്കമ്പനി തുടങ്ങുകയും ഹിരഹരനെക്കൊണ്ടു് ഒരു ചിത്രം സംവിധാനം ചെയ്യിക്കുകയും ചെയ്തു. ചിത്രത്തിന്റെ പേര് സംഗമം.

1977 ല്‍ തുടര്‍ന്ന് ഗൃഹലക്ഷ്മി എന്ന പേരില്‍ സ്വന്തമായി ഒരു നിര്‍മ്മാണക്കമ്പനി തുടങ്ങി. ഗൃഹലക്ഷ്മിയുടെ ആദ്യത്തെ ചിത്രം സുജാത ആണ്.

കേരള ഫിലിം ചേംബര്‍ ഒഫ് കോമേഴ്‌സ് പ്രസിഡന്റായി പത്തു വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഒഫ് കോമേഴ്‌സ് പ്രസിഡന്റായി ഒരു തവണയും ഫിലിം ഫെഡറേഷന്‍ ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ്, ഫിലിം ഫെഡറേഷന്‍ ഒഫ് ഇന്ത്യ പ്രസിഡന്റ്, ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ക്ക് പുറമേ കെ എസ് ഡി എഫ് ഡി സി ഡയറക്ടറായി അഞ്ചു വര്‍ഷവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കെ എസ് എഫ് ഡി സി യുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ജ്യേഷ്ഠന്‍ പി.വി.ചന്ദന്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടറാണ്. സഹോദരി കുമാരി കമലം. ഭാര്യ ഷെറിന്‍. മൂന്ന് മക്കള്‍ ഷെനുഗ, ഷെഗീന, ഷെര്‍ജ.