മൊബൈല്‍ തരാം-പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം 12 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ. പ്രതി ഉളിക്കല്‍ സ്വദേശി നിരപ്പില്‍ വീട്ടില്‍ ദീപക്ക്.

തളിപ്പറമ്പ്: മൊബൈല്‍ഫോണ്‍ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ ഉളിക്കല്‍ സ്വദേശിയായ യുവാവിന് 12 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

ഉളിക്കല്‍ ഓലിക്കല്‍ ബസ്റ്റാന്റിന് സമീപത്തെ നിരപ്പില്‍ വീട്ടില്‍ പൊന്നപ്പന്റെ മകന്‍ എന്‍.ദീപക്കിനെയാണ്(39) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

ബന്ധുവിന്റെ കൂടെ ഒരിക്കല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ ദീപക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് 2018 ഒക്ടോബറിലെ ഒരു ദിവസം കാറില്‍ കയറ്റിക്കൊണ്ടുപോയത്.

പറശിനിക്കടവ് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ കാര്‍ നിര്‍ത്തി ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്.

നാല് വകുപ്പുകളിലായാണ് 12 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചത്.

അന്നത്തെ തളിപ്പറമ്പ് എസ്.ഐ കെ.കെ.പ്രശോഭാണ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.