ഭീതിയുടെ രാക്കുയില്‍നാദത്തിന് ഇന്ന് 51 വയസ്-

സുചിത്രമഞ്ജരിയുടെ ബാനറില്‍ പി.ഭാസ്‌ക്കരന്‍ നിര്‍മ്മാണവും കഥ, തിരക്കഥ, സംഭാഷണവും ഗാനരചനയും നിര്‍വ്വഹിച്ച സിനിമയാണ് രാക്കുയില്‍.

1973 ജൂണ്‍-1 ന് 51 വര്‍ഷം മുമ്പാണ് സിനിമ റിലീസ് ചെയ്തത്.

സുധീര്‍ നായകനായി അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് പി.വിജയന്‍.

സുജാത, അടൂര്‍ഭാസി, ജോസ് പ്രകാശ്, ബഹദൂര്‍, ശങ്കരാടി, ടി.കെ.ബാലചന്ദ്രന്‍, പറവൂര്‍ ഭരതന്‍, ഫിലോമിനി, അടൂര്‍ പങ്കജം, വീരന്‍, ചന്ദ്രാജി, സി.എ.ബാലന്‍, എം.ജി.മേനോന്‍, വെമ്പായം തമ്പി, ജസ്റ്റിന്‍, രാമന്‍കുട്ടി മേനോന്‍, കുമാരി എന്നിവരാണ് മറ്റ് താരങ്ങള്‍.

ലക്ഷ്മണ്‍ ഗോര്‍ ക്യാമറയും കെ.ശങ്കുണ്ണി എഡിറ്റിംഗും നിര്‍വ്വഹിച്ചു.

പി.ചന്ദ്രകുമാറാണ് സഹസംവിധായകനായി പ്രവര്‍ത്തിച്ചത്.

ഹൊറര്‍ പശ്ചാത്തലത്തിലുള്ള ഒരു കുറ്റാന്വേഷണ ത്രില്ലര്‍ സിനിമയാണ് രാക്കുയില്‍.

കഥാസംഗ്രഹം-

കൊല്ലം ജില്ലയിലെ തെന്‍മലയാണ് കഥ നടക്കുന്ന പ്രദേശം. മദ്രാസ് റെയോണ്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ജയകുമാര്‍ (സുധീര്‍)ഔദ്യോഗിക അവശ്യാര്‍ത്ഥം തെന്‍മലയിലെത്തുന്നു. പ്രകൃതി സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന തെന്‍മലയില്‍ ഒരു എസ്റ്റേറ്റിനോട് ചേര്‍ന്ന പ്രദേശത്തെ ടി.ബിയിലാണ് അദ്ദേഹം താമസിച്ചത്. ഈ പ്രദേശം ഭൂത-പ്രേത-യക്ഷഗന്ധര്‍വ്വന്‍മാരുടെ സാമ്രാജ്യമാണെന്ന് വാച്ചറായ ഭദ്രാസനനന്‍ നായര്‍(വെമ്പായം തമ്പി)ജയകുമാറിനെ ധരിപ്പിക്കുന്നു. പൊടിപ്പും തൊങ്ങലും ചേര്‍ത്ത കഥകള്‍ ജയനോടൊപ്പം ഉണ്ടായിരുന്ന വേലായുധന്‍ പിള്ളയെ(അടൂര്‍ഭാസി) ഭയപ്പെടുത്തി.

ഒരു ദിവസം രാത്രി ജയന്‍ താമസിച്ചിരുന്ന ടി ബി ക്ക് സമീപത്തു നിന്ന് അതി മനോഹരമായ ഒരു ഗാനം ഒഴുകി വന്നു. ഗാനത്തിന്റെ ഉല്‍ഭവസ്ഥാനം നോക്കി പുറത്തിറങ്ങിയ ജയനെ ഭദ്രാസനന്‍ നായരും വേലായുധന്‍ പിള്ളയും വിലക്കിയെങ്കിലും അതൊന്നും ഗണ്യമാക്കാതെ ജയന്‍ പുറത്തേക്ക് പോയി. ഗായികയെ തിരഞ്ഞു പോയ ജയന്‍ സംഭ്രമജനകമായ ഒരു ചുറ്റുപാടില്‍ ശാലീന സുന്ദരിയായ ഒരു യുവതിയെ കണ്ടു മുട്ടുന്നു. അവളോടൊന്ന് സംസാരിക്കാനും അവളെപ്പറ്റി കൂടുതലറിയാനും മോഹിച്ച് മുന്നോട്ടു കുതിച്ച ജയന് അടുത്ത ക്ഷണത്തില്‍ അവളുടെ സ്ഥാനത്ത് അതിവിരൂപയായ ഒരു സ്ത്രീയെയാണു കാണാന്‍ സാധിച്ചത്. ഞെട്ടിത്തരിച്ച ജയന്‍ അവിടെ നിന്നും ഓടിരക്ഷപ്പെടുന്നു.
ജയന്‍ താമസിച്ചിരുന്ന ടി ബിയുടെ അടുത്തുള്ള എസ്റ്റേറ്റിന്റെ ഉടമയാണു ധനാഢ്യനായ ജി കെ തമ്പി(ശങ്കരാടി).അദ്ദേഹത്തിനു ബന്ധുക്കളായി സഹോദര പുത്രി ഉഷ(സുജാത) മാത്രമേയുള്ളൂ.അവളെ അദ്ദേഹം തന്റെ മകളെപ്പോലെ സ്‌നേഹിച്ചു വളര്‍ത്തുന്നു. പക്ഷേ സുന്ദരിയായ അവള്‍ ഇടയ്ക്കിടക്ക് ഒരു മനോരോഗിയെപ്പോലെ പെരുമാറുന്നു. അവളുടെ രോഗശമനത്തിനു വേണ്ടി എത്ര ലക്ഷം രൂപ ചിലവാക്കാനും തമ്പി ഒരുക്കമാണ്.
ഒരു ദിവസം രാത്രി തമ്പിയുടെ ബംഗ്ലാവില്‍ നിന്നും ഒരു സ്ത്രീയുടെ ദീനരോദനവും അതേത്തുടര്‍ന്ന് ബംഗ്ലാവില്‍ വലിയ ബഹളവും കേള്‍ക്കുന്നു. വിവരമെന്തെന്നറിയാന്‍ തമ്പിയുടെ ബംഗ്ലാവിലെത്തിയ ജയനു ഉഷയെയും കയറ്റിക്കൊണ്ട് ഒരു ആംബുലന്‍സ് വാന്‍ പാഞ്ഞു പോകുന്നതാണു കാണാന്‍ കഴിഞ്ഞത്. അന്വേഷണത്തില്‍ നിന്നും ഉഷയെ അടുത്തുള്ള ഡോക്ടര്‍ ദാസിന്റെ(എം.ജി.മേനോന്‍) മനോരോഗാശുപത്രിയിലേക്കാണു കൊണ്ടു പോയിരിക്കുന്നതെന്ന് ജയനു മനസ്സിലാക്കാന്‍ കഴിഞ്ഞു. പിറ്റേ ദിവസം തന്നെ ജയന്‍ ഡോക്ടര്‍ ദാസിനെ കണ്ട് ഉഷയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നു. ഉഷയ്ക്ക് മാനസികരോഗം പിടി പെട്ടിരിക്കയാണെന്നും തുടര്‍ച്ചയായുള്ള ചികിത്സ കൊണ്ട് അതു ഭേദമാക്കാമെന്നും ഡോക്ടര്‍ ദാസ് ജയനെ ധരിപ്പിക്കുന്നു. ആസ്പത്രിയില്‍ വെച്ച് ഉഷയെ ഒരു നോക്ക് കാണുവാന്‍ ജയന്‍ ദാസിനോട് ആഗ്രഹം പ്രകടിപ്പിക്കുന്നു. ഉഷയെക്കാണാന്‍ പോകും വഴി ഒരു പ്രത്യേക വാര്‍ഡില്‍ വെച്ച് വിചിത്ര രൂപിയായ ഒരു മനുഷ്യനെക്കണ്ട് ജയന്‍ പരിഭ്രമിക്കുന്നു. മനോരോഗാശുപത്രിയില്‍ ചികിത്സക്കെത്തിയ ഈവിചിത്രരൂപിയായ ഈ മനുഷ്യനെയും (ജസ്റ്റിന്‍)

ഉഷയെയും ഒരു രാത്രി കാണാതാകുന്നു. പോലീസ് സഹായത്തോടെ ജി കെ തമ്പി തന്റെ മകള്‍ ഉഷയെ തിരഞ്ഞു നടക്കുന്നു. ഉഷയെ തിരിച്ചേല്‍പ്പിക്കുന്നവര്‍ക്ക് ഒരു വലിയ തുക തമ്പി പ്രതിഫലം നല്‍കാമെന്ന് പരസ്യം ചെയ്യുന്നു. പോലീസ് പാര്‍ട്ടി വല വീശി തെന്മല മുഴുവന്‍ തിരയുന്നു. ഉഷയെ തിരഞ്ഞ് ജയനും യാത്രയാരംഭിക്കുന്നു. ഒടുവില്‍ ഒരു ലോറി അപകടത്തില്‍ പെട്ട് അര്‍ദ്ധപ്രജ്ഞരായിക്കിടക്കുന്ന ഉഷയെയും വിചിത്ര മനുഷ്യനേയും കണ്ടു മുട്ടുന്നു. ഉഷയെ ഉടന്‍ തന്നെ തന്റെ സുഹൃത്തായ ഡോക്ടര്‍ എസ് കെ പിള്ളയുടെ(സി.എ.ബാലന്‍) സമീപമെത്തിച്ച് ചികിത്സ നല്‍കിയ ശേഷം വിചിത്ര മനുഷ്യനെ തിരഞ്ഞു ജയന്‍ പുറപ്പെടുന്നു. ലോറി അപകട സ്ഥലത്ത് വന്ന് നോക്കിയപ്പോള്‍ അയാള്‍ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു.
ജയനും ഉഷയും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പിള്ളയുടെ എസ്റ്റേറ്റ് ബംഗ്ലാവില്‍ താമസം തുടങ്ങുന്നു.അതിനിടെ അന്താരാഷ്ട്രീയ കള്ളക്കടത്തു സംഘത്തിലെ ഒരംഗമായ ജയന്റെ ജ്യേഷ്ഠന്‍ ചന്ദ്രന്‍(ടി.കെ.ബാലചന്ദ്രന്‍) ജയനെ തിരഞ്ഞ് അവിടെയെത്തുന്നു. ജയന്റെ അസാന്നിദ്ധ്യത്തില്‍ ചന്ദ്രന്‍ ഉഷയെ കടത്തിക്കൊണ്ടു പോകുന്നു .കള്ളക്കടത്തു സംഘത്തിന്റെ നേതാവ് ചന്ദ്രനെ വക വരുത്താന്‍ അതി നിഷ്ഠൂരന്മാരായ രണ്ടു കിങ്കരന്മാരെ വില്ലിയേയും(ജോസ് പ്രകാശ്) ജിമ്മിയേയും(ചന്ദ്രാജി) പറഞ്ഞയക്കുന്നു. വില്ലിയും ജിമ്മിയും നിറ തോക്കുകളുമായി ചന്ദ്രനെ പിന്തുടരുന്നു. ഉഷയെ ജയന്‍ ആ ഘോരവനാന്തരം മുഴുവനും തിരഞ്ഞു നടക്കുന്നു. ജി കെ തമ്പിയും പോലീസ് പാര്‍ട്ടിയും അന്വേഷണം തുടര്‍ന്നു കോണ്ടിരിക്കുന്നു. ഉഷയെ തിരഞ്ഞ് വിചിത്രമനുഷ്യനും ആ കാട്ടില്‍ അലഞ്ഞു നടക്കുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ ജി.കെ.തമ്പിയെന്ന കുശാഗ്രബുദ്ധിയാണെന്ന് വ്യക്തമാകുകയും ഇയാള്‍ വിചിത്രമനുഷ്യനാല്‍ കൊല്ലപ്പെടുകയും ചെയ്യുന്നിടത്ത് രാക്കുയില്‍ അവസാനിക്കുന്നു.

പി.ഭാസ്‌ക്കരന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് പുകഴേന്തിയാണ്. പശ്ചാത്തലസംഗീതവും അദ്ദേഹം തന്നെ നിര്‍വ്വഹിച്ചു. ശ്യാമസുന്ദരി എന്ന എസ്.ജാനകിപാടുന്ന പ്രേതഗാനം ഒരു കേള്‍വി അനുഭവം തന്നെയാണ്.