തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ മെയ്-17 ന് ആരംഭിക്കും.

തളിപ്പറമ്പ്: തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പില്‍ മെയ്-17 ന് ആരംഭിക്കും.

ഈശോയുടെ തിരുസ്ലീവായുടെ തിരുശേഷിപ്പ് മുതല്‍ പുതിയ തലമുറയിലെ വിശുദ്ധനായ കാര്‍ലോസിന്റെ ഉള്‍പ്പെടെ തിരുസഭ വണങ്ങുന്ന ആയിരത്തി അഞ്ഞൂറില്‍പരം തിരുശേഷിപ്പുകള്‍ ഒന്നിച്ച് അണി നിരത്തുകയാണ്.

സ്വര്‍ഗ്ഗത്തില്‍ വാഴുന്ന പുണ്യാത്മാക്കളെ ദര്‍ശിക്കുവാനും വണങ്ങുവാനും അതിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാനും സാധിക്കുന്ന പുണ്യ അവസരം തളിപ്പറമ്പ് സെന്റ് മോരീസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.

ഈശോയുടെ ശിരസ്സില്‍ അണിയിച്ച മുള്‍ക്കിരീടത്തിന്റെ അംശം, പരിശുദ്ധ മാതാവിന്റെ ശിരോവസ്ത്രഭാഗം, വിശുദ്ധ യൗസേപ്പിതാവിന്റെ വസ്ത്രഭാഗം, 12 ശ്ലീഹന്മാരുടേയും, വിശുദ്ധ എസ്തപ്പാനോസ്, പൗരസ്ത്യ പിതാക്കന്മാര്‍ എന്നിവരുടെ പുണ്യഭാഗങ്ങള്‍, ഭാരതത്തില്‍ നിന്നുള്ള വിശുദ്ധ അല്‍ഫോന്‍സ, ചാവറയച്ചന്‍, മറിയം ത്രേസ്യ തുടങ്ങിയ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ എല്ലാം ഒന്നിച്ച് കാണുവാനും വണങ്ങുവാനുമുള്ള അവസരമാണിത്.

വലിയ തുക മുടക്കി യാത്രചെയ്തും ത്യാഗങ്ങള്‍ സഹിച്ച് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ലഭിക്കുന്ന ഈ ഭാഗ്യം നമ്മുടെ സമീപത്ത് എത്തിയിരിക്കുകയാണെന്ന് തളിപ്പറമ്പ് ഫൊറോന വികാരി ഫാ.മാത്യു ആശാരിപ്പറമ്പില്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇത് വിശ്വാസവളര്‍ച്ചക്കും ആത്മീയ ഉണര്‍വിനും ഉപകരിക്കുന്നതാണ്.

മെയ് 17 ന് രാവിലെ 9.30 ന് തലശ്ശേരി അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പ്രദര്‍ശനവും വണക്കവും ഉദ്ഘാടനം ചെയ്യും.

പരിപാടിയുടെ വിജയത്തിനായി ഫാ. മാത്യു ആശാരിപറമ്പില്‍ ചെയര്‍മാനും ഡായി മാത്യു പ്ലാത്തോട്ടം, സിസ്റ്റര്‍ ജെസ്ന എഇഇ, ബാബു ഇടത്തുപറമ്പില്‍, സണ്ണി മണ്ണാപറമ്പില്‍, അനില്‍ എമ്മാനുവേല്‍, തോമസ് അര്‍ത്തശ്ശേരി, ജെറി കാരന്താനം, അഡ്വ.മാര്‍ട്ടില്‍ കൊട്ടാരം, മരിയ പ്ലാത്തോട്ടം, സുബി കൊട്ടാരത്തില്‍, സിബി ഐക്കരയില്‍, ബാബു കൊരട്ടിക്കല്‍, ഷാജി പൊന്നാംകുടത്ത്, സിബി പരിയാനിക്കല്‍ എന്നിവര്‍ കണ്‍വീനറുമാരായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

തികച്ചും സൗജന്യമായി ഒരുക്കുന്ന ഈ പ്രദര്‍ശനത്തിലേക്ക് ആയിരകണക്കിന് ആളുകള്‍ എത്തിച്ചേരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും പ്രദര്‍ശനം ദര്‍ശിക്കാവുന്നതാണ്.

രാവിലെ 7.30 മുതല്‍ രാത്രി 7.30 വരെയാണ് പ്രദര്‍ശന സമയം.