വീണിട്ടും വീര്യം വിടാതെ സൗമ്യ- പിടിച്ചിട്ടും വഴങ്ങാതെ റിയ

പരിയാരം: പിടിവലിക്കിടയില്‍ താഴെ വീണിട്ടും വീര്യം വിടാതെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ.

ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോലേജിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാര്‍ച്ചിനിടയിലാണ് സംഭവം.

പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളും നടക്കുന്നതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് ബ്ലോക്ക് സെക്രട്ടെറിയായ റിയ നാരായണന്‍ ബാരിക്കേഡ് ഭേദിച്ച് കാമ്പസിനകത്തേക്ക് ഓടിയത്.

ഈ സമയം പരിയാരം പോലീസ് സ്റ്റേഷനിലെ സൗമ്യ എന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മാത്രമേ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളൂ.

സൗമ്യ റിയയെ പിന്നാലെ ഓടി പിടിച്ചുവെങ്കിലും ഇരുവരും തമ്മില്‍ ഏറെ നേരം പിടിവലിനടന്നു.

ഒടുവില്‍ സൗമ്യ റോഡിലേക്ക് വീഴുകയും ചെയ്തു.

വീഴ്ച്ചയുടെ ആഘാതത്തിനിടയിലും പിടഞ്ഞെഴുന്നേറ്റ സൗമ്യ റിയയുടെ പിന്നാലെ ഓടി പിടികൂടുകയായിരുന്നു.

പിന്നീട് റിയയെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പിന്നാലെ പോയി ഇവരെ പിന്തിരിപ്പിച്ച് പുറത്തേക്ക് കൊണ്ടുവരികയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയും വനിതാപോലീസുകാരിയുമായുള്ള പിടിവലി കാമ്പസില്‍ ഉള്ള നിരവധിപേര്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

വിവരമറിഞ്ഞ് പിന്നീടാണ് കൂടുതല്‍ വനിതാ പോലീസുകാര്‍ സ്ഥലത്തെത്തിയത്. നേരത്തെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ വനിതാപോലീസ് റിയയുടെ മുടിയില്‍ ഷൂസിട്ട് ചവിട്ടിപ്പിടിച്ചത് വലിയ വിവാദമായിരുന്നു.