പൂവന്‍ അങ്ങനെ കൂവണ്ട-കൂട് മാറ്റണം-ആര്‍.ഡി.ഒ.

കൊല്ലം: പൂവന്‍ കോഴി കൂവുന്നത് ശല്യമാണെന്ന പരാതിയില്‍ കൂടുമാറ്റാന്‍ ആര്‍ഡിഒയുടെ ഉത്തരവ്.

അടൂര്‍ പള്ളിക്കല്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരന്‍.

ഇദ്ദേഹത്തിന്റെ അയല്‍വാസി കൊച്ചുതറയില്‍ അനില്‍കുമാറിന്റെ വീടിന് മുകള്‍ നിലയിലെ കോഴിക്കൂട് മാറ്റണമെന്നാണ് അടൂര്‍ ആര്‍ഡിഒ ബി.രാധാകൃഷ്ണന്‍ ഉത്തരവിട്ടത്.

പുലര്‍ച്ചെ മൂന്ന് മുതല്‍ പൂവന്‍കോഴി കൂവുന്നതിനാല്‍ സൈ്വര്യജീവിതത്തിന് തടസമുണ്ടെന്ന് കാണിച്ച് രാധാകൃഷ്ണക്കുറുപ്പ് പരാതി നല്‍കുകയായിരുന്നു.

ഇരുകൂട്ടരേയും കേട്ട ആര്‍ഡിഒ സ്ഥല പരിശോധനയും നടത്തി.

വാര്‍ധക്യത്തിന്റെ പ്രശ്നങ്ങളുള്ള രോഗികൂടിയായ പരാതിക്കാരന് രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങുന്നതിന് ഈ കൂവല്‍ തടസമുണ്ടാക്കുന്നതായി ബോധ്യപ്പെട്ടു.

കോഴിക്കൂട് അനില്‍കുമാറിന്റെ വീടിന്റെ കിഴക്ക് ഭാഗത്തേയ്ക്ക് മാറ്റണമെന്നും ഉത്തരവിലുണ്ട്.

14 ദിവസത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കണം.