സര്‍പ്പക്കാട്-@58.
ജെ.ഡി.തോട്ടാന്‍ സംവിധാനം ചെയ്ത സിനിമയാണ് സര്‍പ്പക്കാട്. 1965 ഡിസംബര്‍ 31 നാണ് 58 വര്‍ഷം മുമ്പ്ഈ സിനിമ റിലീസ് ചെയതത്. പി.കെ.സത്യപാലന്‍ നാഗ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ സിനിമയില്‍ മധു, അടൂര്‍ഭാസി. അംബിക, കോട്ടയം ചെല്ലപ്പന്‍, കൊട്ടാരക്കര, മുതുകുളം രാഘവന്‍പിള്ള, സുകുമാരി എന്നിവരാണ് മുഖ്യവേഷത്തില്‍. മുതുകുളം രാഘവന്‍ പിള്ളയാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്. പി.കെ.മാധവന്‍നായര്‍ ക്യാമറയും ജി.വെങ്കിട്ടരാമന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. കെ.സദാശിവാണ് കലാ സംവിധാനം. അസോസിയേറ്റഡ് പിക്‌ച്ചേഴ്‌സാണ് വിതരണക്കാര്‍. അഭയദേവിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എം.എസ്.ബാബുരാജ്. പി.എസ്.ദിവാകറാണ് പശ്ചാത്തലസംഗീതം. പി.എസ്.ദിവാകര്‍.
സര്‍പ്പക്കാട്-കഥാസംഗ്രഹം.
പാമ്പ് വിഷത്തിന് മരുന്ന് നിര്‍മ്മിക്കാന്‍ ഡോ.കൃഷ്ണന്‍ മകന്‍ ഡോ.ബാലന്‍, കമ്പൗണ്ടര്‍ എന്നിവരുമായി ഒരു കാട്ടിലെത്തുന്നു. പാമ്പുവിഷത്തിന്റെ ചികിത്സയില്‍ പുത്തന്‍ മരുന്നുകള്‍ കണ്ടുപിടിക്കുന്നതിനായി പരീക്ഷണങ്ങള്‍ നടത്തുന്നതിന് നാഗങ്ങളെ തേടിയാണ് ഇവര്‍ വനഭൂമിയില്‍ എത്തുന്നത്. പ്രകൃതിരമണീയമായ ഒരു വനാന്തര്‍ഭാഗത്ത് അവര്‍ ക്യാമ്പ് ചെയ്തു. ഒരു ദിവസം നാഗങ്ങളെ തേടിനടന്ന ബാലനും കമ്പൗണ്ടറും രണ്ട് യുവസുന്ദരികളെ കണ്ടു. വനദേവതമാരെന്ന്് തോന്നിക്കത്തക്ക സൗന്ദര്യമുള്ള ആ തരുണീമണികളെ പിന്‍തുടര്‍ന്ന് അവരുടെ താമസസ്ഥലം കണ്ടുപിടിച്ചു.
കണ്വാശ്രമതുല്യമായ ഒരു സ്ഥലം. വള്ളിക്കുടിലുകളും കാട്ടരുവികളും നിറഞ്ഞപ്രദേശം. അവിടെ ആശ്രമമെന്ന് തോന്നിക്കുന്ന ഒരു കുടില്‍. സമീപത്ത് ഒരു ഗുഹ. ബാലനും കൂട്ടുകാരും മറഞ്ഞിരുന്ന് എല്ലാം ശ്രദ്ധിച്ചു. ആ പെണ്‍കുട്ടികള്‍ ഒരു സ്വാമിയുടെ പുത്രിമാരാണ്. അയാള്‍ തങ്കസര്‍പ്പത്തെ പൂജിച്ച് പ്രസാദിപ്പിക്കുന്ന നാഗഭക്തനാണ്. ഡോക്ടര്‍ തേടി നടന്ന ഉഗ്രവിഷമുള്ള തങ്കസര്‍പ്പം അവിടെയുണ്ടെന്നറിഞ്ഞ അദ്ദേഹം സ്വാമിജിയെ കണ്ട് പണം കൊടുത്ത് കാര്യം നേടാന്‍ അവിടെയെത്തി.
പരമ്പരാഗതമായി ആരാധനനടത്തി കുലദൈവമായി കരുതുന്ന തങ്കസര്‍ത്തിനെ പണത്തിനുവേണ്ടി ഉപേക്ഷിക്കുവാന്‍ സ്വാമി തയ്യാരായില്ലെന്നുതന്നെയല്ല ഡോക്ടറുടെ നാഗഹിംസയെ അങ്ങേയറ്റം എതിര്‍ക്കുകയും അയാളെ തന്റെ ശത്രുവായി കരുതുകയും, ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു.
ഡോക്ടര്‍ ബാലന്‍ സ്വാമിജിയുടെ മൂത്ത പുത്രിയില്‍ അനുരക്തനായി. നാഗപ്രഭയെന്ന ആ കാട്ടുമങ്കയുടെ അകൃത്രിമമായ അംഗസൗകുമാര്യത്തില്‍ അലിഞ്ഞുപോയ ഹൃദയവുമായി ഡോക്ടര്‍ ബാലന്‍ അവളോടടുത്തു. പ്രഥമദൃഷ്ടിയില്‍ തന്നെ നാഗപ്രഭ ആ യുവസുന്ദരനില്‍ തന്റെ ഹൃദയം അര്‍പ്പിച്ചുകഴിഞ്ഞിരുന്നു.
അവിചാരിതമായി സ്വാമിജിയുടെ ഇളയ മകളെ കരടി ആക്രമിച്ചു. ഡോക്ടര്‍ കൃഷ്ണന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും അവള്‍ മരിച്ചു. സ്വാമിജിയുടെ ജീവിതത്തില്‍ ഇരുള്‍ വ്യാപിച്ചു. സ്വാമി ദേവിസന്നിധിയിലേക്ക് ഓടി. അവിടെ തങ്കസര്‍പ്പത്തെ കാണാനില്ല. ആരാണ് ആ സര്‍പ്പത്തെ അപഹരിച്ചതെന്ന് സ്വാമിജിക്കു് അറിയാമായിരുന്നു. കോപിഷ്ടനായ അയാള്‍ ഡോക്ടറുടെ വാസസ്ഥലത്തേക്കു് ഓടി. സ്വാമിജി തന്റെ മകുടയിലൂടെ സംഗീതാത്മകമായ ശബ്ദമുയര്‍ത്തി. തങ്കസര്‍പ്പം ആ ഗാനധാരയിലൂടെ സ്വാമിയുടെ സമീപത്തെത്തി. സ്വാമിയുടെ പ്രതികാരം തീര്‍ന്നില്ല. ഉറങ്ങിക്കിടന്ന ബാലനെ അയാള്‍ സര്‍പ്പദംശനമേല്‍പ്പിച്ചു.
ഡോക്ടര്‍ കൃഷ്ണന്‍ തനിക്കറിയാവുന്ന എല്ലാ പ്രതിവിധികളും ചെയ്തുനോക്കിയിട്ടും ഫലമില്ലാതെ സ്വാമിയെത്തന്നെ ശരണം പ്രാപിച്ചു. വിഷം ബാധിച്ച്് നീലനിറത്തില്‍ ബോധമറ്റു കിടന്ന തന്റെ കാമുകനെ കണ്ട് നാഗപ്രഭ വാവിട്ടുകരഞ്ഞു. തന്റെ പ്രിയന്റെ ജീവന്‍ രക്ഷിക്കുവാന്‍ പിതാവിനോട് കരഞ്ഞുപറഞ്ഞു. തന്റെ ഓമനപുത്രിയുടെ ഹൃദയം ഡോക്ടര്‍ ബാലനിലാണ് അര്‍പ്പിതമായിരക്കുന്നതെന്ന്് ആ പിതാവ് അപ്പോഴാണ് അറിയുന്നത്.. മകള്‍ക്കുവേണ്ടി സ്വാമിജി തന്റെ എല്ലാം ത്യജിക്കുവാന്‍ തയ്യാറായി. സര്‍പ്പത്തിനെ വരുത്തി വിഷം വീണ്ടെടുത്തു. ഇതോടെ തങ്കസര്‍പ്പം തലതല്ലി മൃതിയടഞ്ഞു. അതിന്റെ ഇണയായ കരിനാഗം സ്വാമിജിയെ കടിച്ച് അദ്ദേഹത്തിന്റെ ജീവനും അപഹരിച്ചു. ഇതോടെ സര്‍പ്പക്കാട് സമാപിക്കുന്നു.
ഗാനങ്ങള്‍-
1-ആശാനഭസില്‍-യേശുദാസ്, പി.ലീല.
2-ഇന്നലെ ഞാനൊരു-പി.ലീല.
3-കൂടപ്പിറപ്പേ നീ-പി.ലീല.
4-മലമകള്‍-പി.ലീല, എ.പി.കോമള.
5-നന്മ ചെയ്യണം-കമുകറ, പി.ലീല, എ.പി.കോമള.
6-നാട്ടില്‍ വരാമോ-എം.എസ്.ബാബുരാജ്, എ.പി.കോമള.
7-സൃംഗാര ലഹരി-കമുകറ പുരുഷോത്തമന്‍, എം.എസ്.ബാബുരാജ്.