ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി സേവിങ്സ് ബാങ്ക് അക്കൗണ്ട്
ന്യൂഡല്‍ഹി: ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി രക്ഷിതാക്കള്‍ വഴി സേവിങ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ നിക്ഷേപ അക്കൗണ്ട് തുറക്കാം. പ്രായപൂര്‍ത്തിയാകാത്തവരുടെ (മൈനര്‍) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് മാര്‍ഗരേഖ പരിഷ്‌കരിച്ചു.
നിലവിലുള്ള വ്യവസ്ഥകള്‍ കൂടുതല്‍ യുക്തിസഹമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ജൂലൈ ഒന്നിനകം ബാങ്കുകള്‍ ഇത് പാലിച്ചിരിക്കണം. കുട്ടിയുടെ അമ്മയെയും രക്ഷിതാവായി പരിഗണിക്കും. 10 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. സേവിങ്സ് അക്കൗണ്ടിന് പുറമേ സ്ഥിര നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിനും തടസ്സമില്ല. പണമിടപാട് പരിധി, പ്രായം എന്നിവയില്‍ ബാങ്കുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.
പ്രായപൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് ഉടമയുടെ ഒപ്പും മറ്റും ബാങ്ക് രേഖപ്പെടുത്തണം. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ നല്‍കാം. മൈനര്‍ അക്കൗണ്ടുകളില്‍ നിന്ന്, അമിതമായി പണം പിന്‍വലിക്കുന്നില്ലെന്നും ആവശ്യത്തിന് ബാലന്‍സ് ഉണ്ടെന്നും ബാങ്കുകള്‍ ഉറപ്പാക്കണം. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് വേണ്ടി അക്കൗണ്ട് തുറക്കുന്ന സമയത്തും അതിനുശേഷവും ബാങ്കുകള്‍ കെവൈസി (know your customer) നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആര്‍ബിഐയുടെ കെവൈസി മാനദണ്ഡങ്ങള്‍ അനുസരിച്ച് കൃത്യമായ ഇടവേളകളില്‍ കെവൈസി അപ്ഡേറ്റുകള്‍ നടക്കുന്നുണ്ടെന്നും ബാങ്കുകള്‍ ഉറപ്പാക്കേണ്ടതാണ്.