കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അഴിമതിക്കെതിരെ സമഗ്ര അന്വേഷണം വേണം കേരള എന്‍ജിഒഎ
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസന സമിതി ഫണ്ട് പരിശോധനയില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നതായി വന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍
സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
2022-23 വാര്‍ഷിക കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ അപാകതകളാണ് പുറത്തുവന്നിട്ടുള്ളത്, തുടര്‍ന്നുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകള്‍ പോലും വികസന സമിതിക്ക് ഇതുവരെയും സമര്‍പ്പിക്കുവാന്‍ സാധിച്ചിട്ടില്ല.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ മുഖേന വികസന സമിതിയിലേക്ക് വന്ന ഫണ്ടുകള്‍ കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഏറെ ആശങ്ക ഉണര്‍ത്തുന്നതാണ്.
മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് പോലും ഇത്രയധികം അപാകതകള്‍ സംഭവിക്കുന്നു എന്നുള്ളത് ദുരൂഹതകള്‍ ഉയര്‍ത്തുന്നതാണ്.
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെട്ടു.