സര്‍ക്കാര്‍ കെട്ടിടം തട്ടിയെടുക്കാന്‍ സി.പി.എം സൊസൈറ്റി: അമ്മമാരുടെ വിശ്രമകേന്ദ്രം ചാച്ചാജി വാര്‍ഡാക്കി മാറ്റാന്‍ നീക്കം.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിനകത്തെ ചാച്ചാജി വാര്‍ഡ് വീണ്ടും വിവാദവിഷയമാകുന്നു.
തിങ്കളാഴ്ച്ച ചേര്‍ന്ന ആശുപത്രി വികസനസമിതി യോഗത്തില്‍ പ്രശനം വീണ്ടും സജീവമായി.
പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ബാങ്കിംഗ് സ്ഥാപനം നടത്താന്‍ചാച്ചാജി വാര്‍ഡ് വിട്ടുനല്‍കാനുള്ള നീക്കം ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു.
പ്രശ്നം പരിഹരിക്കാന്‍ വികസനസമിതി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണമെന്ന ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ചേര്‍ന്ന വികസനസമിതി യോഗത്തില്‍ ചാച്ചാജി വാര്‍ഡിനോടനുബന്ധിച്ച അമ്മമാരുടെ വിശ്രമകേന്ദ്രമാണ് ചാച്ചാജി വാര്‍ഡെന്നും അത് ചാച്ചാജിയുടെ സ്മാരകമാക്കി സംരക്ഷിക്കാമെന്നായിരുന്നു മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഉള്‍പ്പെടെയുള്ളവരുടെ വാദം.
എന്നാല്‍ ഇത് ശരിയല്ലെന്നും ടി.ബി.സാനിട്ടോറിയത്തില്‍ ടി.ബി.ബാധിച്ചെത്തിയ കുട്ടികളെ കിടത്തി ചികില്‍സിക്കാന്‍ കേരള ഗാന്ധി കെ.കേളപ്പന്‍ പണിതുനല്‍കിയ ചാച്ചാജി വാര്‍ഡാണ് ബാങ്കിംഗ് സ്ഥാപനം നടത്താന്‍ വിട്ടുനല്‍കിയതെന്നും വാര്‍ഡില്‍ കിടക്കുന്ന കുട്ടികളുടെ കൂട്ടിരിപ്പുകാരായ അമ്മമാര്‍ക്ക് വിശ്രമിക്കാന്‍ പണിത ചെറിയ കെട്ടിടം ചാച്ചാജി വാര്‍ഡാക്കാന്‍ നടത്തുന്ന ശ്രമം അംഗീകരിക്കില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രതിനിധി കെ.ജയരാജന്‍ യോഗത്തില്‍ പറഞ്ഞു.
ഇതോടെ ചാച്ചാജി വാര്‍ഡ് പ്രശ്നം വീണ്ടും ചൂടുപിടിച്ചിരിക്കയാണ്.
മെഡിക്കല്‍ കോളേജ് കാമ്പസിനകത്തെ പഴയ ടി.ബി.സാനിട്ടോറിയം കെട്ടിടങ്ങള്‍ മിക്കതും സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റികള്‍ കയ്യടക്കുന്നതിനെതിരെ ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരിയുടെ നേതൃത്വത്തില്‍ ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഒരേ സമയം രാഷ്ട്രീയമായും നിയമപരമായും ഇതിനെതിരെ യു.ഡി.എഫ് രംഗത്തുണ്ട്. അതിനിടയിലാണ് പുതിയ വാദവുമായി സി.പി.എം രംഗത്തുവന്നിരിക്കുന്നത്.
ചാച്ചാജി വാര്‍ഡും അതിനോട് ചേര്‍ന്ന അമ്മമാരുടെ വിശ്രമകേന്ദ്രവും സംരക്ഷിക്കപ്പെടണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് അഡ്വ.രാജീവന്‍ കപ്പച്ചേരി പറഞ്ഞു.