സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ ഗൂഢശ്രമം നടക്കുന്നതായി പി.കെ.സുബൈര്‍-
സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ ഗൂഢശ്രമം നടക്കുന്നതായി പി.കെ.സുബൈര്‍–
തളിപ്പറമ്പ്: 2013 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെ കഴിഞ്ഞ എട്ട് വര്‍ഷം ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയും ട്രഷററും നിയമപരമായി ബാങ്ക് അക്കൗണ്ട് വഴി നടത്തിയ സ്‌കൂളിന്റെ ദൈനംദിന ചിലവുകള്‍ ഉള്‍പ്പെടെയുളള സാമ്പത്തിക ഇടപാടുകളെ സിപിഎമ്മും തല്‍പര കക്ഷികളും അഴിമതിയായി പ്രചരിപ്പിക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്തതും തരംതാണ പ്രവര്‍ത്തനവുമാണെന്ന് തളിപ്പറമ്പ് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ പി കെ സുബൈര്‍ പ്രസ്താവനയില്‍ ആരോപിച്ചു.
സ്‌കൂളിന്റെ ബാങ്ക് ഇടപാടുകളില്‍ മാനേജര്‍ക്ക് ഒരു ബന്ധവുമില്ല. സ്‌കൂളുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ട് എന്റെ പേരില്‍ ഉണ്ടെന്നോ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഏതെങ്കിലും ചെക്കില്‍ ഒപ്പിട്ട് പണം പിന്‍വലിച്ചെന്നോ തെളിയിക്കാന്‍ ആരോപണം ഉന്നയിച്ചവരെ വെല്ലുവിളിക്കുന്നു.
തകര്‍ച്ചയുടെ വക്കില്‍ നിന്ന് വര്‍ഷങ്ങളുടെ അദ്ധ്വാനം കൊണ്ട് നിരവധി മഹാ വ്യക്തിത്വങ്ങള്‍ തിരികെ പടുത്തുയര്‍ത്തിയ, തളിപ്പറമ്പുകാരുടെ അഭിമാനമായ സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെതിരെ വ്യാജ വാര്‍ത്തകള്‍ ചമച്ച് തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സുബൈര്‍ ആരോപിച്ചു.
സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തളിപ്പറമ്പ് ജുമുഅത്ത് പള്ളി ട്രസ്റ്റിന് കീഴിലുള്ള ഒരു പൊതുവിദ്യാലയമാണ്. സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ട്രസ്റ്റ് കമ്മറ്റി നേരിട്ടാണ്. ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയുടെയും ട്രഷററുടെയും പേരിലാണ് ബാങ്ക് അക്കൗണ്ട്.
സ്‌കൂള്‍ മാനേജരുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ടും നിലവിലില്ല. സ്‌കൂളിന്റെ വരവുകള്‍ യഥാസമയം ബാങ്കില്‍ അടക്കുകയും ചിലവുകള്‍ പൂര്‍ണ്ണമായും ചെക്കുകള്‍ മുഖേന നിര്‍വ്വഹിക്കാറുമാണ് പതിവ്. ചിലവിന്റെ വൗച്ചറുകളും ബില്ലും പാസ്സാക്കുന്നത് ട്രസ്റ്റ് വിദ്യഭ്യാസ കമ്മറ്റിയുടെ ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരാണ്. പരിശോധനക്ക് ശേഷം ജുമുഅത്ത് പള്ളി ട്രസ്റ്റ് ഓഫീസില്‍ വെച്ച് മാത്രമേ ചെക്ക് നല്‍കാറുള്ളൂ.
വൗച്ചറുകള്‍ പാസ്സാക്കാനോ ചെക്ക് ഒപ്പിടുവാനോ മാനേജര്‍ക്ക് സാധ്യമല്ല. കൂളിന്റെ വരവ് ചിലവുകള്‍ എഴുതി സൂക്ഷിക്കുന്നത് വിദ്യഭ്യാസ കമ്മറ്റിയുടെ കണ്‍വീനറാണ്. ഈ സത്യം മറച്ചുവെച്ച് എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതും രാഷ്ട്രീയ പ്രേരിതമാണ് . മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലിക്ക് ശേഷം വിറളിപൂണ്ട സിപിഎം സംസ്ഥാന വ്യാപകമായി ലീഗ് നേതാക്കള്‍ക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങളുടെ ഭാഗമാണ് ഇതും.
സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വരവ് ചിലവ് കണക്കുകള്‍ വളരെ സുതാര്യമാണ്. എട്ട് വര്‍ഷത്തെ സ്‌കൂളിന്റെ കണക്കുകള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് ഓഡിറ്റ് ചെയ്ത് തൃപ്തികരമാണെന്ന റിപ്പോര്‍ട്ടും നല്കിയിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ സ്ഥാപനത്തിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ദുരുദ്ദേശപരമായി പ്രചരിപ്പിച്ചും നിരന്തരം വ്യാജ വാര്‍ത്തകള്‍ ചമച്ചും വാര്‍ത്തകളിലേക്ക് വലിച്ചിഴക്കുക വഴി സ്‌കൂളിനെ തകര്‍ക്കാനാണ് സി.പിഎം ശ്രമിക്കുന്നത്.
സ്‌കൂളിന്റെ കണക്കുകള്‍ വഖഫ് ബോര്‍ഡ് മുന്‍പാകെ സമര്‍പ്പിച്ചില്ല എന്ന അരോപണം വസ്തുതകള്‍ മനസ്സിലാക്കാതെ ഉള്ളതാണ്. തളിപ്പറമ്പ് മാര്‍ക്കറ്റ്, ജുമുഅത്ത് പള്ളി, സീതി സാഹിബ് സ്‌കൂള്‍, റോയല്‍ സ്‌കൂള്‍ എന്നിവയുടെ കണക്കുകള്‍ കൂടിച്ചേര്‍ന്നതാണ് ട്രസ്റ്റ് കമ്മറ്റിയുടെ കണക്ക്.
എല്ലാ വര്‍ഷവും ട്രസ്റ്റ് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറിയാണ് വഖഫ് ബോര്‍ഡ് മുന്‍പാകെ കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. വഖഫ് നിയമപ്രകാരം കമ്മറ്റികള്‍ക്ക് കീഴിലുളള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അനാഥാലയങ്ങള്‍, ഹോസ്പിറ്റല്‍ എന്നിവയുടെ കണക്കുകള്‍ വഖഫ് ബോര്‍ഡില്‍ സമര്‍പ്പിക്കേണ്ടതില്ല.
ഇത്തരം സ്ഥാപനങ്ങളുടെ വരവിനെ നോണ്‍ റെറ്റീവ് ഇന്‍കം ആയിട്ടാണ് വഖഫ് നിയമം കണക്കാക്കുന്നത്. അത് കൊണ്ടാണ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വര്‍ഷാവര്‍ഷം വഖഫ് ബോര്‍ഡില്‍ കണക്ക് സമര്‍പ്പിക്കുബോള്‍ സ്ഥാപനങ്ങളുടെ കണക്ക് ഉള്‍പ്പെടുത്താത്തത്.
സി.പിഎമ്മും മറ്റ് തല്‍പര കക്ഷികളും പ്രചരിപ്പിക്കുന്നത് പോലെ നാലു കോടി എണ്‍പത്തി ഒന്ന് ലക്ഷം രൂപ ഒറ്റത്തവണയായി പിന്‍ വലിച്ചതോ ബില്‍ഡിംഗ് നിര്‍മാണത്തിനു മാത്രമായി ചിലവിട്ടതോ അല്ല. കഴിഞ്ഞ എട്ട് വര്‍ഷം സ്‌കൂള്‍ നടത്തിയ ദൈന്യംദിന ചിലവുകള്‍ക്കും പതിനാറായിരം (16,000) സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിനും, ടോയ്‌ലറ്റ് നിമ്മാണം, മുഴുവന്‍ ക്ലാസ്സ് മുറികള്‍ക്കും വാതിലുകളും ജനലുകളും നിര്‍മ്മിച്ചത് പാചകപ്പുര നിര്‍മ്മാണം, പുതിയ ഓഫീസ് നിര്‍മ്മാണം, പുതിയ +2 ഓഫീസ് നിര്‍മ്മാണം, ഫ്രണ്ട് ഗേറ്റും ചുറ്റു മതിലും നിര്‍മ്മിച്ചത്.
പെയ്ന്റിങ്ങ് ലേഡീസ് സ്റ്റാഫ്‌റൂം, ഹൈസ്‌കൂള്‍ വിഭാഗം മുഴുവന്‍ ടൈല്‍സ് പാകിയത്, പെയ്‌നിങ്ങ് തുടങ്ങിയ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും, വാത്സല്യം പോലുളള വിദ്യാര്‍ഥി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും, അദ്ധ്യാപകര്‍ക്ക് തിരിച്ച് നല്‍കിയത്, സ്‌കൂള്‍ ബസ്സുമായി ബന്ദപ്പെട്ട ചിലവുകള്‍, വായ്പ നല്‍കിയത്, വായ്പ തിരിച്ചടച്ചത് ഉള്‍പ്പെടെ കഴിഞ്ഞ തൊണ്ണൂറ്റി ആറു മാസത്തെ എല്ലാവിധ ഇടപാടുകളുടെയും മൊത്തം സംഖ്യയാണ് ഇത്.
തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റിന്റെ മൂന്ന് സ്ഥാപനങ്ങളുടെ കണക്കുകള്‍ ഉണ്ടായിരിക്കെ സിതീ സാഹിബ് സ്‌കൂളിന്റെ കണക്കുകള്‍ മാത്രം ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എടുത്ത് പ്രചരിപ്പിക്കുന്നതിന്റെ
പിന്നില്‍ സി.പിഎമ്മിന് ക്രിത്യമായ അജണ്ടകളുണ്ട് വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വ്യക്തിഹത്യ നടത്തിയതിനുമെതിരെ കൈരളി ചാനല്‍, എം വി. ജയരാജന്‍, അരോപണം ഉന്നയിച്ച വ്യക്തികള്‍ എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാനേജര്‍ പി കെ സുബൈര്‍ അറിയിച്ചു.