മെക്കാഡം ടാറിംഗ് നടത്തി ഒന്നാന്തരമാക്കിയ റോഡില്‍ ഒരു മറവില്‍ തിരിവ്

പരിയാരം: മെക്കാഡം ടാറിംഗ് നടത്തി ഒന്നാന്തരമാക്കിയ റോഡില്‍ ഒരു മറവില്‍ തിരിവ്.

പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തുനിന്നും ശ്രീസ്ഥവഴി നെരുവമ്പ്രം ഭാഗത്തേക്ക് പോകുന്ന റോഡില്‍ ശ്രീസ്ഥ ജംഗ്ഷനില്‍ തന്നെയാണ് ഈ അപകടക്കെണി.

ടാര്‍ ചെയ്ത് കുട്ടപ്പനാക്കിയ റോഡില്‍ ഒരു സുപ്രഭാതത്തിലാണ് റോഡിനടിയിലൂടെ പോകുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ പൊട്ടി വെള്ളം കിനിഞ്ഞു പൊങ്ങിയത്.

അടിഭാഗത്തുകൂടി വലിയ തോതില്‍ വെള്ളം കുത്തിയൊഴുകിയതോടെ റോഡിനകം പൊള്ളയായി.

ഭാരവാഹനങ്ങള്‍ കയറിയാല്‍ റോഡ് താഴ്ന്നുപോകുമെന്ന് വ്യക്തമായതോടെ നാട്ടുകാര്‍ ഇവിടെ ഗതാഗതം നിയന്ത്രിക്കാനായി ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.

വാട്ടര്‍ അതോറിറ്റിയേയും പൊതുമരാമത്തുവകുപ്പിനേയും അറിയിച്ചുവെങ്കിലും ഇരുവരും പരസ്പരം പഴിചാരി കയ്യൊഴിയുകയായിരുന്നു.

സമ്മര്‍ദ്ദം ഏറിയതോടെ വാട്ടര്‍ അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി ഉയര്‍ന്നു നില്‍ക്കുന്ന റോഡ് ജെ.സി.ബി ഉപയോഗിച്ച് താഴ്ത്താന്‍ ശ്രമം നടത്തിയെങ്കിലും അപകടാവസ്ഥയിലുള്ള ഭാഗം

മുഴുവന്‍ നീക്കം ചെയ്ത് മണ്ണ് നിറച്ച് റീടാര്‍ ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെ വാട്ടര്‍ അതോറിറ്റിക്കാര്‍ സ്ഥലംവിടുകയായിരുന്നു.

കുത്തനെയുള്ള ഇറക്കമായതിനാല്‍ ഏത് സമയത്തും ഇവിടെ ഒരു അപകടത്തെ പ്രതീക്ഷിച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍.

ഏത് കാര്യത്തിലും സര്‍ക്കാറിന്റെ ഇടപെടല്‍ നടക്കണമെങ്കില്‍ അപകടം സംഭവിക്കണമെന്ന അവസ്ഥയായതിനാല്‍ ഏറെ ആശങ്കയിലാണ് നാട്ടുകാര്‍.