പരിസ്ഥിതി സന്ദേശ പ്രചാരണത്തിന് ഒലത്തൊപ്പിയുമായി തോട്ടട സ്വദേശിനി തൃശൂരിലേക്ക്

തൃശൂര്‍:  പരിസ്ഥിതി സന്ദേശപ്രചാരണത്തിന് കണ്ണൂരില്‍ നിന്ന് ഓലത്തൊപ്പിയുമായി തോട്ടട സ്വദേശിനി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്.

തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസ്ഥിതി സൗഹൃദ പ്രോഗ്രാമില്‍ ഹരിത സന്ദേശ പ്രചരണാര്‍ത്ഥമാണ് ഓലതൊപ്പിയുമായി രക്ഷിതാവായ ദിനില ദിനേശന്‍ എത്തിയത്.

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ക്യാമ്പസ് മാലിന്യമുക്ത പരിസ്ഥിതി സൗഹൃദ ക്യാമ്പസാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പി.ടി.എയുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ തുടക്കം കുറിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ദിനില പ്രകാശന്‍ ഹരിത സന്ദേശ പ്രചരണാര്‍ത്ഥമാണ് പച്ചോല തൊപ്പി സമ്മാനമായി നല്‍കി ശ്രദ്ധേയയായത്.

പരിപാടി ഉദ്ഘാടനം ചെയ്ത സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എക്കും മറ്റുള്ളവര്‍ക്കുമായി, പച്ചോലയില്‍ മെടഞ്ഞെടുത്ത മനോഹരമായ ഓല തൊപ്പികള്‍ സമ്മാനമായി കണ്ണൂരില്‍ നിന്ന് എത്തിക്കുകയായിരുന്നു.

പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തില്‍ മനുഷ്യജീവന്‍ പോലും അപഹരിക്കപ്പെടുന്ന ഞെട്ടിക്കുന്ന, വാര്‍ത്തകളുടെ വര്‍ത്തമാനകാല സാഹചര്യത്തില്‍, ജൈവ വസ്തുക്കള്‍ കൂടുതല്‍ ഉപയോഗിക്കാനുള്ള ഹരിത സന്ദേശം പകര്‍ന്നു നല്‍കുക എന്ന മഹത്തരമായ ലക്ഷ്യത്തോടെയാണ് കണ്ണൂരില്‍ നിന്ന് ഒലത്തൊപ്പി തയ്യാറാക്കി എത്തിച്ചതെന്ന് ദിനില  പറഞ്ഞു.

പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തി കഴിയാവുന്ന മേഖലയിലെങ്കിലും ജൈവ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക എന്ന പ്രസക്തമായ ആശയമാണ് ഈ പ്രവര്‍ത്തിയിലൂടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പിടി.എ എക്‌സിക്യൂട്ടീവ് മെമ്പര്‍ കൂടിയായ ദിനില പ്രകാശിനും, പി.ടി.എ പ്രസിഡന്റ് കെ.കെ.ബാലന്‍ എന്നിവര്‍ക്കും സാധിച്ചത്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയായ ദിയ പ്രകാശിന്റെ മാതാവാണ് ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിയ കണ്ണൂര്‍ തോട്ടട സ്വദേശിനിയായ ദിനില.

പരിപാടിയില്‍ നഗരസഭ അധ്യക്ഷന്‍ പി.എന്‍.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എന്‍.അശോകന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സനല്‍കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ.എം.രാധിക, നഗരസഭ കൗണ്‍സിലര്‍ അനൂപ് കിഷോര്‍, അവണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി ശങ്കുണ്ണി, പ്രസാദ് താണിക്കുടം, പി എസ് ജയകുമാര്‍, തോംസണ്‍ തലക്കോടന്‍, ബി ഷാഹിന എന്നിവര്‍ പ്രസംഗിച്ചു.

മെഡിക്കല്‍ കോളേജ് ഉള്‍പ്പെടുന്ന 250 ഏക്കറോളം സ്ഥലം ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. വിവിധ സംഘടനകളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്.

പഴയകാലത്ത് ഓലയില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്നു അവയൊക്കെ ഈട് നില്‍ക്കുന്നതും ഗുണമേന്മയുള്ളതും ആയിരുന്നു, ഓലയില്‍ മെടഞ്ഞെടുത്ത വിവിധതരം കൊട്ടകള്‍, പഴയകാലത്ത് ഉപയോഗിച്ചിരുന്നു. ഒലത്തൊപ്പി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും പുതിയൊരു അനുഭവമായി മാറി.