തളിപ്പറമ്പ് ജില്ലാ ജയില്‍-ഒന്നാംഘട്ടം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാവും.

തളിപ്പറമ്പ്: തളിപ്പറമ്പിലെ നിര്‍ദ്ദിഷ്ട ജില്ലാ ജയിലിന്റെ ഒന്നാംഘട്ടം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാവും.

7.75 കോടിയാണ് ഒന്നാംഘട്ടത്തിന്റെ നിര്‍മ്മിതിക്ക് വേണ്ടി ചെലവഴിച്ചിരിക്കുന്നത്.

പ്രധാന ഓഫീസും തടവറകളും പാചകശാലയും ചുറ്റുമതിലുമാണ് ഒന്നാംഘട്ടമായി പൂര്‍ത്തീകരിക്കുന്നത്.

ഓഫീസിനും ഇപ്പോള്‍ പൂര്‍ത്തിയായ തടവറകള്‍ക്കും ഒന്നാംനിലയും കൂടാതെ രണ്ട് പൂതിയ തടവറ ബാരക്കുകളും രണ്ടാംഘട്ടമായി നിര്‍മ്മിക്കും.

600 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഈ ജയില്‍ സംസ്ഥാനത്തെ അതീവസുരക്ഷയുള്ള ജയിലുകളില്‍ ഒന്നായിരിക്കും.

ആദ്യം സബ്ജയിലാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് ജില്ലാ ജയിലായി ഉയര്‍ത്തുകയായിരുന്നു.

18.56 കോടി രൂപയാണ് മൊത്തം എസ്റ്റിമേറ്റെങ്കിലും 2024 ല്‍ പണി പൂര്‍ത്തീകരിക്കുന്ന ജയിലിന് 30 കോടി രൂപയെങ്കിലും ചെലവാകുമെന്നാണ് പൊതുമരാമത്ത് കെട്ടിടനിര്‍മ്മാണ വിഭാഗം പറയുന്നത്.

കാഞ്ഞിരങ്ങാട്ടെ 8 ഏക്കര്‍ ഭൂമിയില്‍ പണിയുന്ന ജയിലിന്റെ മൂന്ന് ഭാഗത്തും 7 മീറ്റര്‍ ഉയരത്തിലുള്ള മതില്‍ പൂര്‍ത്തിയായിട്ടുണ്ട്.

കോണ്‍ക്രീറ്റ് മാത്രം ഉപയോഗിച്ചാണ് മതിലിന്റെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്.

ഇതിന് മുകളില്‍ കമ്പിവേലിയും സ്ഥാപിക്കും. മതിലിന്റെ തറഭാഗത്ത് 50 സെ.മീറ്റര്‍ വീതിയാണെങ്കില്‍ ഏറ്റവും മുകളിലെത്തുമ്പോല്‍ വീതി 25 സെ.മീ ആയി കുറയുന്നുണ്ട്.

തൃശൂരിലെ അതിസുരക്ഷാ ജയിലിന്റെ മാതൃകയിലാണ് മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

2018 ലാണ് തളിപ്പറമ്പില്‍ ജയിലിന്റെ നിര്‍മ്മാണത്തിനായി നടപടികള്‍ ആരംഭിച്ചത്.

റവന്യൂവകുപ്പില്‍ നിന്നും മിച്ചഭൂമിയായി അക്വയര്‍ ചെയ്ത സ്ഥലം ജയില്‍ വകുപ്പിന് വിട്ടുകിട്ടാന്‍ തന്നെ രണ്ട് വര്‍ഷം സമയമെടുത്തു.

2020 ഫെബ്രുവരി 24 നാണ് മുഖ്യമന്ത്രി ജില്ലാ ജയിലിന് തറക്കല്ലിട്ടത്.

ഒരുവര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെടുന്ന കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ തടവുകാരെയും റിമാന്‍ഡ് തടവുകാരെയുമാണ് ഇവിടെ പാര്‍പ്പിക്കുക.

ജയിലിന്റെ ഒന്നാംഘട്ടം നിര്‍മ്മാണ ജോലികള്‍ വിലയിരുത്താനായി ജയില്‍ ഡി.ജി.പി ബല്‍റാംകുമാര്‍ ഉപാധ്യായ അടുത്തമാസം കാഞ്ഞിരങ്ങാട്ടെ നിര്‍മ്മാണ സ്ഥലത്തെത്തുമെന്ന് നോഡല്‍ ഓഫീസര്‍ പി.ടി.സന്തോഷ് പറഞ്ഞു.