ഇവിടത്തെ മാലിന്യവും ചെളിയും നീക്കിയാല്‍ തുള്ളന്നൂരില്‍ ആകാശം ഇടിഞ്ഞുവീഴുമോ അമ്പാനേ-
തളിപ്പറമ്പ്: നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ദേശീയപാതയോരത്തെ സ്ഥലം ഇന്റര്‍ലോക്ക് ചെയ്ത് സൗന്ദര്യവല്‍ക്കരിക്കാനുള്ള തളിപ്പറമ്പ് നഗരസഭയുടെ തീരുമാനത്തിനെതിരെ
സി.പി.എം കൗണ്‍സിലറായ സി.വി.ഗിരീശന്‍ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ത്തിയ വിമര്‍ശനം സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ച് നവീകരിക്കുന്ന സ്ഥലം വൈസ് ചെയര്‍മാന്റെ കടയുടെ മുന്നിലാണെന്ന് പറയാന്‍ നട്ടെല്ലുണ്ടോ എന്നാണ് ഗിരീശന്‍ ചോദിച്ചത്.
ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന് പറയാനുള്ളത് ഇതാണ്.
രണ്ട് മാസം മുമ്പേ നഗരസഭയുടെ ആസ്തി രജിസ്റ്ററിലേക്ക് മുതല്‍കൂട്ടിയ 4 സെന്റോളം വരുന്ന സ്ഥലത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇവിടെ 4,52,519 ലക്ഷം രൂപയുടെതാണ് പദ്ധതി. ഇത് സംബന്ധിച്ച അജണ്ട പരിഗണനക്ക് വന്നപ്പോഴാണ് വൈസ് ചെയര്‍മാന്റെ കടയുടെ സമീപമാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും, സൗന്ദര്യവല്‍ക്കരണമല്ല, മറിച്ച് തകര്‍ന്നുകിടക്കുന്ന റോഡുകളുടെ നവീകരണമാണ് വേണ്ടതെന്നും ഗിരീശന്‍ പറഞ്ഞത്. തളിപ്പറമ്പ് ദേശീയപാതയോരത്തെ ഏറ്റവും മോശമായി ചെളികെട്ടികിടക്കുന്ന ഒരു പ്രദേശമാണിതെന്ന് അവിടം സന്ദര്‍ശിച്ചാല്‍ തന്നെ മനസിലാവും. നഗരസഭാ വൈസ് ചെയര്‍മാര്‍ വാടകക്ക് എടുത്ത ഒരു കട അവിടെ ഉണ്ടെന്നുവെച്ച് ആ ഭാഗത്ത് വികസനം പാടില്ലെന്ന് പറയാന്‍ ഗിരീശന് എന്തവകാശം. ഇവിടം സൗന്ദര്യവല്‍ക്കരിക്കപ്പെട്ടാല്‍ അതിന്റെ ഗണഭോക്താവാകുന്നത് വൈസ് ചെയര്‍മാന്‍ മാത്രമല്ലെന്ന് മനസിലാക്കണം. (ക്ലിഫ് ഹൗസ് നവീകരിക്കാനായി ചെലവഴിച്ച കോടികള്‍ ഉണ്ടെങ്കില്‍ തകര്‍ന്നുകിടക്കുന്ന എത്ര റോഡുകള്‍ നവീകരിക്കാമെന്ന ചോദ്യം ഞാന്‍ ഗിരീശനോട് ചോദിക്കുന്നില്ല). പാളയാട് വാര്‍ഡിലെ പ്രധാനപ്പെട്ട സ്ഥലമായ ഇവിടം സൗന്ദര്യവല്‍ക്കരിക്കുന്നതിനെ പ്രദേശവാസികളെല്ലാം തന്നെ പിന്തുണക്കുന്നുണ്ട്. തലയുയര്‍ത്തി നിവര്‍ന്നു നടക്കാനുള്ള നട്ടെല്ലുണ്ടെന്ന് ഗിരീശനെ പ്രത്യേകമായി ബോധ്യപ്പെടുത്താന്‍ എതായാലും ഉദ്ദേശിക്കുന്നില്ല.